യുവി റിട്ടേൺസ്, ഇനി വെടിക്കെട്ട് കാലം!

ബുധന്‍, 19 ജൂണ്‍ 2019 (15:33 IST)
ഒരു ലോകകപ്പ് കൂടി കളിച്ചശേഷം നീലക്കുപ്പായം അഴിച്ച് വെയ്ക്കുക എന്നതായിരുന്നു ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ആഗ്രഹം. എന്നാൽ, ഈ ആഗ്രഹം സാധിക്കാതെയാണ് അദ്ദേഹം  ക്രിക്കറ്റിനോടു വിട പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിനോടൊപ്പം ഇനി ഐപിഎല്ലിലും കളിക്കില്ലെന്ന യുവിയുടെ പ്രഖ്യാപനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
 
കഴിഞ്ഞ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു അദ്ദേഹം. എന്നാൽ, ആ കളിയിൽ പോലും വേണ്ടത്ര അവസരങ്ങൾ യുവിയെ തേടി എത്തിയില്ല. ഇതോടെയാണ് യുവി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 
 
എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇനിയും കളി തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി. വിദേശത്തു നടക്കുന്ന ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയടക്കമുള്ള ടി20 ലീഗുകളില്‍ കളിക്കാനാണ് യുവിയുടെ നീക്കം. 
 
എന്നാൽ, ഇങ്ങനെ കളിക്കാൻ ബിസിസിഐയുടെ അനുമതി വാങ്ങണം. അതിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.  ബിസിസിഐ പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ യുവിക്കു ഈ ആഗ്രഹമെങ്കിലും നേടാൻ സാധിക്കൂ. കഴിഞ്ഞ ദിവസമാണ് യുവരാജ് ബിസിസിഐക്കു കത്തയച്ചത്. അനുമതി നിഷേധിക്കാനുള്ള സാഹചര്യങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
 
നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങള്‍ക്കു വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. ഇതു തന്നെയാണ് യുവിയെ വിരമിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്ന് ഒരാഴ്ച മുമ്പ് 37കാരനായ യുവി വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍