സൂര്യനെ എത്രനാള്‍ മേഘം മറയ്‌ക്കും? ക്യാപ്‌ടന്‍സിയില്‍ നിന്ന് രോഹിത് ശര്‍മയെ ആര്‍ക്കും തടയാനാവില്ല !

ബുധന്‍, 24 ജൂലൈ 2019 (18:20 IST)
രോഹിത് ശര്‍മയുടെ ബാറ്റിന്‍റെ പ്രഹരശേഷി എന്താണെന്ന് ഏറ്റവുമൊടുവില്‍ തെളിയിക്കപ്പെട്ടത് ലോകകപ്പ് മത്സരങ്ങളിലാണ്. റണ്‍‌വേട്ടക്കാരില്‍ ഒന്നാമന്‍ എന്ന കീര്‍ത്തി തന്‍റെ പേരില്‍ ചാര്‍ത്തിയ രോഹിത് അഞ്ച് സെഞ്ച്വറിയാണ് ലോകകപ്പില്‍ നിന്ന് സ്വന്തമാക്കിയത്. പക്ഷേ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ രോഹിത്തിന്‍റെ ഒറ്റയാന്‍ പോരാട്ടമൊക്കെ ഫലം കാണാതെ പോവുകയായിരുന്നു.
 
എന്നാല്‍ തന്‍റെ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ രോഹിത് ലോകത്തിന്‍റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. വെസ്റ്റിന്‍ഡീസ് പര്യടത്തില്‍ ഏകദിന മത്സരങ്ങളിലും ട്വന്‍റി 20 മത്സരങ്ങളിലും രോഹിത് ശര്‍മ ക്യാപ്ടനാകുന്നതാണ് ഉചിതം എന്ന അഭിപ്രായം മിക്കവരും ഉയര്‍ത്താന്‍ കാരണം ആ ബാറ്റിംഗ് കരുത്തും നേതൃപാടവവും മനസിലാക്കിയിട്ടുതന്നെയാണ്. നാല് ഐ പി എല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹിത് ക്യാപ്ടനാകുന്നതാണ് നല്ലതെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു.
 
വിന്‍ഡീസ് പരമ്പരയില്‍ ഏകദിനത്തിലും ട്വന്‍റി 20യിലും രോഹിത് ശര്‍മ ക്യാപ്ടനാകുമെന്നും ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി നയിക്കുമെന്നുമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി തന്നെ ക്യാപ്ടന്‍. ഇത് ഹിറ്റ്മാന്‍ ആരാധകര്‍ക്ക് ഉണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല.
 
വിന്‍ഡീസില്‍ രോഹിത് ശര്‍മ ക്യാപ്ടനാകുകയും മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്താല്‍ ഏകദിന - ട്വന്‍റി 20 ക്യാപ്ടന്‍സി സ്ഥിരമായി രോഹിത് ശര്‍മയില്‍ വന്നുചേരുമോ എന്ന് ചിലര്‍ പേടിക്കുന്നതിനാലാണ് രോഹിത്തിനെ ക്യാപ്ടന്‍സിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മാത്രമല്ല, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് രോഹിത് ശര്‍മ കുതിച്ചെത്തുമെന്നും ചിലര്‍ ഭയപ്പെടുന്നതായി അവര്‍ ആരോപിക്കുന്നു. എത്ര മാറ്റിനിര്‍ത്തപ്പെട്ടാലും ടീം ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരം ക്യാപ്‌ടനായി രോഹിത് ശര്‍മ നിയമിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അവര്‍ വെല്ലുവിളിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍