ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടും, ഈ 5 പേര്‍ അത് ചെയ്തിരിക്കും !

ബുധന്‍, 17 ഏപ്രില്‍ 2019 (16:05 IST)
ഇത്തവണ ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിക്കുമോ? ക്രിക്കറ്റ് ലോകവും ആരാധകരും ആകെ ഉന്നയിക്കുന്ന ചോദ്യമാണിത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതോടെ ഉയര്‍ന്ന ചില ആശങ്കകള്‍ ഇപ്പോഴും അലയടിക്കുന്നുണ്ടെങ്കിലും ലോകകപ്പ് നേടാന്‍ കെല്‍പ്പുള്ള ടീമാണ് പ്രഖ്യാപിക്കപ്പെട്ടത് എന്നതില്‍ സംശയമില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ടീമിലെ അഞ്ചുപേരിലേക്ക് നീങ്ങുന്നു.
 
ആ അഞ്ചുപേര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് ലോകകിരീടം നേടിത്തരും എന്നാണ് പ്രതീക്ഷിക്കുന്നത്. ആ അഞ്ചുപേരാണ് ഇന്ത്യന്‍ ടീമിന്‍റെ തുറുപ്പുചീട്ടുകള്‍. അതില്‍ ആദ്യത്തെയാള്‍ മഹേന്ദ്രസിംഗ് ധോണി തന്നെയാണ്. ക്യാപ്ടന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലി സാന്നിധ്യമായുണ്ടെങ്കിലും എല്ലാ തന്ത്രങ്ങളും ആവിഷ്‌കരിക്കുക ധോണി തന്നെയായിരിക്കും. കളിയുടെ എല്ലാ മേഖലകളിലും നിയന്ത്രണവും ആധിപത്യവുമുള്ള ധോണി ടീമിലുള്ളപ്പോള്‍ എതിര്‍ ടീമുകള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്ന് തീര്‍ച്ചയാണ്.
 
രോഹിത് ശര്‍മയാണ് അടുത്തയാള്‍. തന്‍റേതായ ദിവസം എതിര്‍ ടീമിനെ തവിടുപൊടിയാക്കാന്‍ രോഹിത് ശര്‍മ ഒറ്റയ്ക്ക് മതി. ലോകത്തെ ഏത് ടീമിനെയും തകര്‍ക്കാന്‍ പോന്ന സ്ഫോടനശേഷിയുള്ള ബാറ്റിംഗ് കരുത്തില്‍ രോഹിത് ശര്‍മ കളം നിറഞ്ഞാല്‍ ഇന്ത്യയ്ക്ക് ലോകകിരീടം ഈസിയായി സ്വന്തമാക്കാം. 
 
ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ഇന്ത്യന്‍ പേസ് ബൌളിംഗിന്‍റെ കുന്തമുനയാണ് ബൂമ്ര. ലോകത്തിലെ ഏത് പിച്ചിലും ഏത് ഉഗ്രപ്രഭാവനായ ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ പോന്ന യോര്‍ക്കറുകള്‍ ബൂമ്ര തൊടുക്കുമെന്നതില്‍ സംശയമില്ല. എതിര്‍ ടീമുകളിലെ ബാറ്റ്സ്മാന്‍‌മാരുടെ പേടിസ്വപ്നമായിരിക്കും ബൂമ്രയുടെ വൈവിധ്യവും മൂര്‍ച്ചയേറിയതുമായ ബൌളിംഗ്.
 
ഓള്‍‌റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യ കരുതിവച്ചിരിക്കുന്ന മറ്റൊരു ആയുധം. ഏത് പിച്ചിലും ഏത് ബൌളര്‍ക്കുനേരെയും ഭയരഹിതവും അനായാസവും ബാറ്റിംഗ് വെടിക്കെട്ട് തീര്‍ക്കാന്‍ പാണ്ഡ്യയ്ക്ക് കഴിയും. മികച്ച ഫിനിഷര്‍ എന്ന നിലയില്‍ പ്രധാന സ്ഥാനം പാണ്ഡ്യയ്ക്കുണ്ട്. തകര്‍പ്പന്‍ ബൌളറാണെന്നതും പാണ്ഡ്യയുടെ മാറ്റ് കൂട്ടുന്നു. ഫീല്‍ഡിംഗിലും മിന്നല്‍ സാന്നിധ്യമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ.
 
രവീന്ദ്ര ജഡേജയാണ് ടീം ഇന്ത്യയുടെ അടുത്ത വജ്രായുധം. ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും എതിര്‍ ടീമിന്‍റെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ള പ്രതിഭ. അസാധാരണമായ ഫീല്‍ഡിംഗ് മികവ്. മാത്രമല്ല, ടീം അംഗങ്ങളെ മുഴുവന്‍ പ്രചോദിപ്പിച്ചുകൊണ്ട് ഫീല്‍ഡില്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യം. രവീന്ദ്ര ജഡേജ ലോകകപ്പിലെ പല കളികളിലും നിര്‍ണായകസ്വാധീനമാകുമെന്നതില്‍ സംശയമില്ല.
 
ഈ അഞ്ചുപേര്‍ ഉണര്‍ന്നുകളിച്ചാല്‍ ലോകകിരീടം ഇത്തവണ ഇന്ത്യയിലേക്ക് എത്തും എന്നതില്‍ സംശയമേതുമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍