ഏകദിന ലോക ചാമ്പ്യന്‍മാരും ട്വന്‍റി ലോക ചാമ്പ്യന്‍മാരും ഏറ്റുമുട്ടുന്ന ആദ്യ പരമ്പര എന്ന നിലയിലാണ് ഇന്ത്യാ ഓസ്ട്രേലിയ ഏകദിനങ്ങള്‍ ശ്രദ്ധേയമായത്. കളിക്കുമുമ്പേ ചൂടേറിയ വാചകമടിയിലൂടെ ഇരു ടീമും റസ്‌ലിംഗ് താരങ്ങളെ പോലും കടത്തി വെട്ടുന്ന അഭിനയമാണ് കാഴ്ച വച്ചത്. തൊട്ടു പിന്നാലെ മത്സരത്തിനായി എത്തിയപ്പോഴാണ് വാചമടിയില്‍ എന്ന പോലെ കളിയിലും ഓസീസ് മുന്നിലാണെന്ന് ഇന്ത്യാക്കാര്‍ തിരിച്ചറിഞ്ഞത്.
ട്വന്‍റി കിരീടത്തിന്‍റെ പകിട്ടില്‍ ‘ടീം ഇന്ത്യ’ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു ജന്‍മമെടുത്തെന്നും ഏതു ടീമിനെയും തച്ചുടയ്‌ക്കാന്‍ തക്കവിധത്തില്‍ അതിശയന്‍മാരായെന്നും ഒരു ശരാശരി ക്രിക്കറ്റ് ആരാധകന്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ഓസ്‌ട്രേലിയയുമായുള്ള കളി തുടങ്ങിയതോടെ ഈ വിചാരം പാടെ തെറ്റാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. വിജയം തെരഞ്ഞ് ഇന്ത്യാക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നതു കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടില്ലെന്നു പറഞ്ഞ് പാഴായിപ്പോയ സമയത്തെ ഓര്‍ത്ത് ഓരോ ക്രിക്കറ്റ് പ്രേമിയും തലയില്‍ കൈ വച്ചു പോകും.
ട്വന്‍റി കിരീടത്തിനു പിന്നാലെ ആദ്യ ഏകദിനത്തിനായി ഇറങ്ങിയ ഇന്ത്യ കൊച്ചിയിലെയും ഹൈദരാബാദിലെയും രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. ഭാഗ്യം, ആദ്യ മത്സരം മഴ കൊണ്ടു പോയതിനാല്‍ സമ്പൂര്‍ണ്ണ പരാജയത്തില്‍ നിന്നും ഇന്ത്യ ഒഴിവാകും. നന്നായി തല്ലു വാങ്ങിയെങ്കിലും എതിരാളികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലൂടെയും ഫീല്‍ഡില്‍ അപമര്യാദയായി പെരുമാറിയതിലൂടെയും പരാജയം പുകമറയില്‍ ഒളിപ്പിച്ച ഇന്ത്യ ഓസീസിനേക്കാള്‍ വലിയ ശ്രദ്ധ നേടി.
എല്ലാ കാര്യങ്ങളിലും മികച്ച ടീമാണ് ഓസീസ് എന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ട് തന്നെ ഓസീസിനെ പോലെ ഒരു ടീമിനെ നേരിടുമ്പോള്‍ നന്നായി ചിന്തിച്ചു തന്നെ തന്ത്രം മെനയാത്തതാണ് ഇന്ത്യയുടെ കുഴപ്പം. പാകിസ്ഥാനെ പോലെയോ വെസ്റ്റിന്‍ഡീസിനെ പോലെയോ ഒരു മികച്ച ബൌളിംഗ് ടീമൊന്നുമല്ല ഇന്ത്യ. മുന്‍ നിരക്കാരായ ബാറ്റ്‌സ്‌മാന്‍മാര്‍ തലങ്ങും വിലങ്ങും തല്ലി ഒരു മികച്ച സ്കോര്‍ കണ്ടെത്തും. അതിനു ശേഷം എതിരാളികളെ നന്നായി പ്രതിരോധിക്കും. ഏകദിനത്തില്‍ ഇന്ത്യയുടെ രീതി ഇതാണ്.
ഓസ്ട്രേലിയയെ പോലൊരു വമ്പന്‍ ടീമിനെ ചേസ് ചെയ്യുമ്പോള്‍ മുട്ടു വിറയ്‌ക്കുന്നു എന്നത് വര്‍ഷങ്ങളായി ഇന്ത്യയുടെ ശാപമാണ്. ഇതു തന്നെയായിരുന്നു രണ്ട് ഏകദിനത്തിലും കണ്ടത്. രണ്ടാം മത്സരം 84 റണ്‍സിനാണ് പരാജയപ്പെട്ടതെങ്കില്‍ മൂന്നാമത്തെ മത്സരം 47 റണ്‍സിനായിരുന്നു തോറ്റത്.
വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ സമ്മര്‍ദ്ദത്തില്‍ പെട്ടു പോകുന്നു. തുടക്കത്തിലെ വേഗവും താളവും നഷ്ടപ്പെടുന്ന ബാറ്റിംഗ് സ്ലോഗ് ഓവറുകളില്‍ വലിയ സമ്മര്‍ദ്ദത്തിലേക്കു നയിക്കുമെന്ന പ്രാഥമിക പാഠം പോലും ഇന്ത്യ മറന്നു.
FILE
FILE
ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നു കളിക്കുകയും സിംഗിളുകളും ഡബിളുകളുമെടുത്ത് ഫീല്‍ഡിംഗ് ടീമിനെ ആശയക്കുഴപ്പത്തില്‍ എത്തിക്കുകയും ചെയ്യുന്ന ഓസ്ട്രേലിയയുടെ തന്ത്രം തന്നെ ഇന്ത്യയും പിന്തുടരണമായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സുകളില്‍ ഇടയ്‌ക്കെല്ലാം നല്ല സ്കോര്‍ വന്നെങ്കിലും ടീമിന് ആവശ്യമുള്ള നിലയിലായിരുന്നില്ല ഇത്.
തുടര്‍ച്ചയായി വിക്കറ്റ് നഷ്ടം കൂടിയാകുമ്പോള്‍ സംഗതി ക്ലീന്‍. മുന്‍നിരക്കാര്‍ പരാജയപ്പെട്ടാല്‍ യാതൊരു നാണവുമില്ലാതെ പുറകെ ഘോഷയാത്ര നടത്തുന്ന ബാറ്റ്‌സ്‌മാന്‍മാരുടെ പതിവ് ഇന്ത്യ സ്വന്തം മണ്ണിലും തെറ്റിച്ചില്ല.
ഇത്രയധികം ബാറ്റ്‌സ്‌മാന്‍മാരുള്ള ഇന്ത്യയെ പ്രതിരോധിക്കാന്‍ നല്ല സ്കോര്‍ തന്നെ വേണമെന്നു ഓസീസിനറിയാം. വിക്കറ്റുകള്‍ പോകുമ്പോഴും സിംഗിളുകളും ഡബിളുകളുമായി സ്കോര്‍ ശരാശരി താഴാതെ നിലനിര്‍ത്താന്‍ ഓസീസിനു കഴിഞ്ഞു. ഇക്കാര്യത്തിലാണ് സൈമണ്‍സിനേയും മൈക്കല്‍ ക്ലാര്‍ക്കിനേയും ഹെയ്‌ഡനേയും പോണ്ടിംഗിനേയുമെല്ലാം ഇന്ത്യാക്കാര്‍ നമിച്ചു പോകുന്നത്.
ഗില്‍ക്രിസ്റ്റ് എന്ന അപകടകാരി തുടക്കത്തില്‍ പുറത്തായാലും ആദ്യ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പോലും ഓസ്ട്രേലിയ മദ്ധ്യനിരക്കാരിലൂടെ മുന്നേറും എന്നതിന് മഴ കൊണ്ടു പോയ ആദ്യ മത്സരം തന്നെ മികച്ച ഉദാഹരണമാണ്.
മികച്ച ഓപ്പണിംഗിന്‍റെ അഭാവം തന്നെയാണ് ഇന്ത്യയുടെ പ്രധാന പോരായ്‌മ. മുന്‍ കാലങ്ങളില്‍ സച്ചിനും ഗാംഗുലിയും നല്‍കിയിരുന്ന തുടക്കം ഇന്ത്യയ്‌ക്ക് സാധ്യമാകുന്നില്ല. ഗംഭീറിനൊപ്പം ഉത്തപ്പയോ ദിനേശ് കാര്‍ത്തിക്കോ സച്ചിനു പകരം ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കേണ്ടിയിരുന്നു.
മഹാനായ ബാറ്റ്‌സ്‌മാന്‍ ദയനീയമായി തുടക്കത്തിലേ കീഴടങ്ങുന്നതും കായിക ക്ഷമത കുറഞ്ഞ രീതിയില്‍ റണ്‍ ചെയ്യുന്നതും ഇന്ത്യന്‍ കാണികളെ അലോരസപ്പെടുത്തുന്നു. രണ്ടു മത്സരങ്ങളിലും ഓപ്പണിംഗില്‍ ഗംഭീര്‍ പരാജയപ്പെട്ടപ്പോള്‍ ഫോം മങ്ങി എന്ന കാരണത്താല്‍ പുറത്തു നില്‍ക്കുന്ന സെവാഗിനെ കാണികള്‍ ഓര്‍ത്തിരിക്കണം. തകര്‍ത്തു തുടങ്ങേണ്ട ഇന്ത്യ തുടക്കത്തില്‍ സ്കോര്‍ കണ്ടെത്തുന്നില്ല എന്നു മാത്രമല്ല വിക്കറ്റുകളും വലിച്ചെറിയുന്നു.
മദ്ധ്യനിരക്കാരുടെ തുണയും ഇന്ത്യയ്‌ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ 121 റണ്‍സുമായി യുവരാജ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റോബിന്‍ ഉത്തപ്പയും ആദ്യ മത്സരത്തില്‍ നന്നായി തുടങ്ങിയ ദ്രാവിഡും പൊരുതാതെ കീഴടങ്ങിയത് ഓര്‍ക്കുക.
ഒറ്റയ്‌ക്കു പോരാട്ടം നടത്തിയ യുവിയെ അല്‍പ്പ നേരം പിടിച്ചു നിന്ന ധോനിയോ അര്‍ദ്ധ ശതകത്തിനടുത്തു പുറത്തായ സച്ചിനോ നന്നായി പിന്തുണച്ചിരുന്നെങ്കില്‍ കളി മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞ കളിയില്‍ ഏഴു സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാന്‍മാരായിരുന്നു ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത്.
ബൌളര്‍മാര്‍ തുറിച്ചു നോക്കലും വിവാദങ്ങളും ഉണ്ടാക്കുന്നത് ഒഴിച്ചാല്‍ ഓര്‍ത്തു വയ്‌ക്കാന്‍ ഒന്നും നല്‍കുന്നില്ല. അതു പോട്ടെ. റണ്‍സ് വഴങ്ങുന്ന പതിവെങ്കിലും ഒഴിവാക്കാമായിരുന്നു. യഥാ സമയത്തു വരുന്ന ബൌളിംഗ് ചേഞ്ചുകളായിരുന്നു ട്വന്‍റിയില്‍ ഇന്ത്യയുടെ വിജയ ഘടകം. ഏകദിനത്തിലെ പരിചയക്കുറവാകാം ബൌളര്‍മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ധോനിക്കു പിഴവുകള്‍ പറ്റുന്നു.
FILE
FILE
റണ്ണൊഴുക്കു നിയന്ത്രിക്കുന്ന സ്പിന്നര്‍മാരെയും നന്നായി ഉപയോഗിക്കാനാകുന്നില്ല. ഇന്ത്യന്‍ മണ്ണില്‍ മികച്ച സ്പിന്നിലൂടെ എതിരാളികളെ തളച്ചിരുന്ന ഇന്ത്യയുടേ ഏറ്റവും വലിയ പ്രശ്‌നം ഒരു ലോകോത്തര സ്പിന്നറെ കണ്ടെത്താനാകുന്നില്ല എന്നതു തന്നെയാണ്. പ്രഖ്യാപിത സ്പിന്നര്‍ ഹര്‍ഭജനാകട്ടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ പിഴച്ചു പോകുന്നു.
ബൌളര്‍മാര്‍ക്ക് അനുകൂലമായ വിധത്തില്‍ ഫീല്‍ഡ് ഒരുക്കുന്നതിലും ഫീല്‍ഡ് ഒരുക്കിയതിനു അനുസരിച്ച് ബൌളര്‍മാരെ ഉപയോഗിക്കുന്നതിലും ധോനി പോണ്ടിംഗിനു ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. ഏറെ പ്രതിഭാധനരായ സച്ചിനും ദ്രാവിഡും പോലുള്ളവര്‍ പോലും ഒരു പഴുതു കണ്ട് ബാറ്റിംഗ് നടത്താന്‍ കഴിയാതെ വിഷമിച്ചത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും.
മത്സരത്തോടൂള്ള സമീപനമാണ് പ്രധാന വിഷയം. ബാറ്റിംഗില്‍ സ്ഥിരമായ ഒരു ഫോം നിലനിര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാകുന്നില്ല. കളിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്‌സുകളില്‍ ഒരിടത്തും മികച്ച കൂട്ടുകെട്ടുകളും പിറക്കുന്നില്ല. ഇനി പിറന്നാല്‍ തന്നെയും വിജയത്തോളം എത്തുന്നില്ല.
മികച്ച കൂട്ടുകെട്ടുകള്‍ തന്നെയാണ് ഏകദിന ഇന്നിംഗ്‌സുകളുടെ പ്രത്യേകത. ട്വന്‍റിയില്‍ ഇതു കണ്ടിരുന്നു. യുവാക്കള്‍ നിരക്കുന്ന ടീമില്‍ ദൈവങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കൂട്ടായ പ്രയത്‌നവും മത്സരങ്ങള്‍ക്കുണ്ടായിരുന്നു.
FILE
FILE
അക്കങ്ങളുടെ കാര്യങ്ങളില്‍ പെരുക്കങ്ങള്‍ കയ്യിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ദൈവങ്ങള്‍ ഇല്ലാതെ യുവാക്കള്‍ ട്വന്‍റിയില്‍ നടത്തിയ പോരാട്ട വീര്യം ഫ്യൂച്ചര്‍ കപ്പ് മത്സരങ്ങളില്‍ ഒരിടത്തും കാണാനാകുന്നില്ല എന്നതാണ് വാസ്തവം.
ട്വന്‍റിയുടെ ആലസ്യത്തിലാകാം സിംഗിളുകള്‍ പോലും തടയുകയും അത്‌ഭുതകരമായ റണ്ണൌട്ടുകള്‍ ഉണ്ടാക്കുകയും ചെയ്‌ത ഇന്ത്യന്‍ ടീം പന്തിനു പിന്നാലെ ഓടി ബൌണ്ടറി ലൈനില്‍ എത്തുമ്പോള്‍ തളരുന്നത് ദയനീയമാകുന്നു. ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളേ കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ഇന്ത്യയ്‌ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാല്‍ പോലും ആദ്യ മത്സരങ്ങളിലെ ഈ പരാജയങ്ങള്‍ ആരാധകരെ നിരാശപ്പെടുത്തുന്നു.
ക്രിക്കറ്റ് ഭ്രാന്ത് മൂത്ത് മുഖത്തു ചായം തേച്ച് ഇഷ്ടതാരങ്ങളുടെ പോസ്റ്ററുകളും ബാനറുകളും കയ്യിലേന്തി ഗ്യാലറികളില്‍ ഇഷ്ട താരങ്ങളുടെ പ്രകടനം കാണാന്‍ എത്തുന്ന ഇന്ത്യന്‍ കാണികള്‍ക്ക് പണം കൊടുത്തു നിരാശ വാങ്ങേണ്ടി വരുന്ന അവസ്ഥ.