റയ്‌ന അടുത്ത ദശകത്തിലെയും ക്രിക്കറ്റര്‍

ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും അടുത്ത ദശകത്തിലേക്കു ടീമില്‍ ഉണ്ടായേക്കാവുന്ന പത്തു പേരില്‍ സുരേഷ്‌ റയ്‌നയേയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌ വിസ്ഡന്‍ മാസിക. ഏറ്റവും പുതിയ പതിപ്പില്‍ ബ്രിട്ടീഷ്‌ ക്രിക്കറ്റ്‌ എഴുത്തുകാരന്‍ ലോറന്‍സ്‌ ബൂത്ത്‌ ആണ്‌ ഇന്ത്യന്‍ യുവ താരം ഉള്‍പ്പെടുന്ന പത്തു കളിക്കാരെ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, പേസര്‍ ഷോണ്‍ ടൈറ്റ്‌, ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍, ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍, പാകിസ്ഥാന്‍ ഫാസ്റ്റ്‌ മീഡിയം സീമര്‍ മൊഹമ്മദ്‌ ആസിഫ്‌, ശ്രീലങ്കന്‍ താരം ലസിത്‌ മലിംഗ, വെസ്റ്റിന്‍ഡീസ്‌ ഓള്‍ റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ന്യൂസിലാന്‍ഡ്‌ ബാറ്റ്‌സ്‌മാന്‍ റോസ്‌ ടയ്‌ലര്‍, ബംഗ്ലാദേശിന്‍റെ ഉപനായകന്‍ മൊഹമ്മദ്‌ അഷ്‌റഫുള്‍ എന്നിവരാണ്‌ അടുത്ത ദശകത്തിലെ ക്കുള്ള ക്ലബ്ബില്‍ അംഗമായിരിക്കുന്നത്‌.

ഇടതുകയ്യില്‍ സച്ചിന്‍റെ പ്രതിഭയാണ്‌ സുരേഷ്‌ റയ്‌നയ്ക്ക്‌ എന്നതാണ്‌ ലോറന്‍സ്‌ ബൂത്തിന്‍റെ കണ്ടെത്തല്‍. 20 കാരനായ റയ്‌നയുടെ പ്രതിഭ ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടതായും അദ്ദേഹത്തിന്‌ സമയം ഒരുപാട്‌ ബാക്കി കിടക്കുന്നതായും ലോറന്‍സ്‌ പറയുന്നു.

ലോകകപ്പോടെ ഏകദിന റേറ്റിംഗില്‍ മുന്നില്‍ എത്താന്‍ പീറ്റേഴ്‌സണു കഴിഞ്ഞു എന്നാണ്‌ പീറ്റേഴ്‌സണെ കുറിച്ചു പറഞ്ഞിരിക്കുഹ്നത്‌. ഫാസ്റ്റ്‌ ബൗളര്‍ക്കു വേണ്ട ഉത്തമ ഗുണങ്ങളെല്ലാം ഒംന്നിച്ചിരിക്കുന്ന മൊഹമ്മദ്‌ ആസിഫ്‌ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും പൊങ്ങിവരുമെന്ന്‌ വിലയിരുത്തുന്നു.

ബംഗ്ലാദേശിലെ വളര്‍ന്നു വരുന്ന യുവ താരങ്ങളില്‍ കൂടുതല്‍ പ്രകാശിതമായിരിക്കുന്നത്‌ അഷ്‌റഫുള്‍ ആണെന്നു വ്യക്തമാക്കുന്ന ലോറന്‍സ്‌ ഏറ്റവും കൂടുതല്‍ അഭിനന്ദനം ചൊരിയുന്നത്‌ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിനാണ്‌. എല്ലായ്പ്പോഴും ക്ലാസ്സ്‌ പ്രകടനം നടത്തുന്ന ക്ലാര്‍ക്ക്‌ ലോകകപ്പോടെ കൂടുതല്‍ പക്വത പ്രാപിച്ചതായിട്ടാണ്‌ കണ്ടെത്തല്‍.

വെബ്ദുനിയ വായിക്കുക