പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. നഷ്ടപ്പെടാന്‍ ഒന്നുമില്ല. ടെസ്റ്റും ഏകദിന മത്സരങ്ങളും മാത്രം കളിച്ചു ശീലിച്ചിട്ടുള്ള നാടിന് തികച്ചും അപരിചിതമായ മത്സരശൈലി. ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ടീമുകള്‍ എത്തുന്നുണ്ടെന്ന് കേട്ടപ്പോള്‍ വെറും പ്രതിനിധാനത്തിന് വേണ്ടി മാത്രം ഇന്ത്യയും കുറച്ച് ‘കുട്ടികളെ’ അയച്ചു; അത്രമാത്രം.
ട്വന്റി20 എന്ന ക്രിക്കറ്റിലെ നവീന മത്സരരൂപത്തില്‍ ആകെ ഇന്ത്യയ്ക്കുള്ള പരിചയം ഒരു മത്സരം മാത്രം. ലോകകപ്പില്‍ അരങ്ങേറ്റം ദുരബലരായ സ്കോട്ലാന്ഡിനെതിരെ. പക്ഷേ, മഴ ചതിച്ചു.
പരിശീലനത്തിനുള്ള അവസരം കൂടിയാകുമായിരുന്ന മത്സരം നിഷേധിച്ച മഴ ഇന്ത്യയുടെ ഒരു വിലപ്പെട്ട പോയിന്റും തട്ടിയെടുത്തു. തുടര്‍ന്ന് നേരിടേണ്ടത് കരുത്തരായ പാകിസ്ഥാനെ. മത്സരിക്കുന്നത് ഇന്ത്യയുമായിട്ടാണെങ്കില് സകല ദൌര്‍ബല്യങ്ങളും മറന്ന് പോരാടുന്ന പാക് പടയ്ക്ക് മുന്നില്‍ ജയിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഇന്ത്യയ്ക്ക് മുന്നില്‍ ഇല്ലായിരുന്നു.
ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ ഇന്ത്യാ-പാക് മത്സരം ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സമനില മത്സരമായി. ബൌള്‍ ഔട്ട് എന്ന പുതിയ നിയമപ്രകാരം പാകിസ്ഥാനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടിലേയ്ക്ക്. പ്രതീക്ഷകള്‍ക്ക് അപ്പോഴും ചിറകുകള് മുളച്ചു തുടങ്ങിയിരുന്നില്ല.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടു തുടങ്ങിയതാണ്. കാരണം ഇനി നേരിടേണ്ടത് ക്രിക്കറ്റിലെ ഏതു മത്സരങ്ങളിലേയും കരുത്തരായ ഇംഗ്ലണ്ടും ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണലുകളായ ദക്ഷിണാഫ്രിക്കയും.
പക്ഷേ, അവിടെ നിന്നാണ് ചാരത്തില്‍ നിന്നും ഫീനിക്സ് പക്ഷി ഉയര്‍ന്നു പൊങ്ങിയത്. അവകാശപ്പെടാന്‍ യാതൊന്നുമില്ലാതെ എത്തിയ ടീം. നായകനും സഹകളിക്കാര്‍ക്കും പരിചയ സമ്പന്നത തുലോം തുച്ഛം. മിക്കവരും പുതുമുഖങ്ങള്‍. 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നാല് പേര് മാത്രം.
സ്വന്തമായി ഒരു പരിശീലകന് പോലുമില്ല. ഇവിടെയാണ് നിശ്ചയദാര്‍ഢ്യവും ടീം വര്‍ക്കും സഹായത്തിനെത്തുന്നത്. കപിലിന്റെ ‘ചെകുത്താന്മാര്ക്ക്‘ ശേഷം ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിയുടെ ‘യൂത്ത് ബ്രിഗേഡ്‘ ഒരു ലോകകിരീടം ഇന്ത്യയിലേക്ക് വീണ്ടുമെത്തിച്ചു.
കേവലം ഒരു കപ്പ് വിജയം എന്നതിലുപരി ട്വന്റി20 കിരീടം മുന്നോട്ടുവയ്ക്കുന്നത് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. ക്രിക്കറ്റ് ഒരു മതമായ രാജ്യത്ത് വിഗ്രഹങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞതിലെ വിഡ്ഢിത്തം ഈ ലോകകിരീടം തുറന്നുകാട്ടിയിരിക്കുകയാണ്.
FILE
FILE
സീനിയര്‍ താരങ്ങളുടെ എണ്ണമല്ല, മറിച്ച് കളിക്കാരുടെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ടീമിന് വേണ്ടതെന്ന പാഠം ഈ ചെറുപ്പക്കാരുടെ നിര കാട്ടിത്തന്നു. സച്ചിന്, സൌരവ്, ദ്രാവിഡ് ത്രയങ്ങളുടെ സാന്നിധ്യമില്ലായിരുന്നു. സഹീര്‍ ഖാന്, അനില്‍ കുംബ്ലെ എന്നീ ‘മുതിര്‍ന്ന’ ബൌളര്‍മാരും ഇല്ലാത്ത ടീം. പക്ഷെ, ധോണിയുടെ കുട്ടികള്‍ക്ക് അര്‍പ്പണബോധമുണ്ടായിരുന്നു. സ്വന്തം കഴിവില്‍ വിശ്വാസവും.
മഹേന്ദ്രസിംഗ് ധോണി എന്ന പുതിയ നായകന്റെ അരങ്ങേറ്റം എടുത്തുപറയേണ്ടതുതന്നെയാണ്. തന്ത്രപരമായ ഫീല്‍ഡിംഗ് ഒരുക്കല്‍, മികച്ച ബൌളിംഗ് ചേഞ്ചുകള്‍, സമ്മര്‍ദ്ദം ലവലേശമില്ലാത്ത മുഖഭാവം. ധോണി കൈകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമെന്നതില് മറിച്ചൊരു അഭിപ്രായത്തിന് സാധ്യതയില്ല.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള സെമിയില്‍ ക്യാപ്റ്റന്റെ തന്ത്രങ്ങളാണ് വിജയമൊരുക്കിയത്. അവസാന മൂന്ന് ഓവറുകളില്‍ 30 റണ്‍സ് എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നില്ല. പ്രത്യേകിച്ചും ആറ് വിക്കറ്റുകള്‍ കൈയിലുള്ള സമയത്ത്. ഹര്‍ഭജന്റെയും ആര് പി സിങ്ങിന്റെയും ജോഗീന്ദര്‍ ശര്‍മ്മയുടെ ഓവറുകളില്‍ നിറഞ്ഞത് ധോണിയുടെ ധൈര്യവും വിശ്വാസവും പകര്‍ന്ന കരുത്തായിരുന്നു.
ഫൈനലില്‍ ഒരു ഘട്ടത്തില്‍ വിജയം പാകിസ്ഥാന് തട്ടിയെടുത്തുവെന്ന് കരുതിയപ്പോഴും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത് ഈ ആത്മവിശ്വാസം തന്നെ. നായക സ്ഥാനത്തേക്കുള്ള ഈ പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ നഷ്ടപ്പെട്ട വസന്തം തിരികെ എത്തിക്കുമെന്ന് പ്രത്യാശിക്കാം. ശ്രദ്ധേയമായ മറ്റൊരു വസ്തുത യുവ്രാജ് സിംഗ് ഉള്‍പ്പടെയുള്ള മിക്ക കളിക്കാരുടെയും പ്രായം ഇരുപത്തിയഞ്ചോ അതില്‍ താഴെയോ മാത്രമാണ് എന്നതാണ്.
ഇനി രണ്ടു ലോകകപ്പുകള്‍ കൂടി കളിക്കാനുള്ള ഒരു ടീമിന്റെ അരങ്ങേറ്റമായി ഈ ലോകകപ്പിനെ കാണുന്നവരെ തെറ്റുപറയാനാകില്ല. പതിനെട്ടും പതിനേഴും വര്‍ഷങ്ങളായി ടീമില്‍ തുടരുന്ന താരങ്ങളേക്കാള്‍ എത്രയോ മടങ്ങ് ‘ഫ്ലെക്സിബിളാണ്’ ഈ പുതു തലമുറയുടെ ടീം എന്നത് വരുംദിനങ്ങളില്‍ സെലക്ടര്‍മാരുടെ കണ്ണു തുറപ്പിക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഒരു കളിക്കാരനെ മാത്രം അപേക്ഷിച്ചായിരുന്നില്ല ഇന്ത്യ കളിച്ചത്. ഓരോ സമയത്തും ഓരോരുത്തര് രക്ഷകരായി. ചില സമയത്ത് എല്ലാവരും ഒരുപോലെയും. യുവ്രാജും ധോണിയും രോഹിത് ശര്‍മ്മയും റോബിന് ഉത്തപ്പയും ഗംഭീറും പത്താനും എല്ലാവരും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരമണച്ചത്.
എല്ലാവരുടേയും പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യയ്ക്ക് ഇത് അര്‍ഹിക്കുന്ന വിജയം തന്നെ. ഈ വിജയം ക്രിക്കറ്റിനോടുള്ള ഇന്ത്യന്‍ സമീപനത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.