അതിതീവ്ര രോഗവ്യാപനത്തിനു സാധ്യത, കുറഞ്ഞത് 10 തവണ ജനിതകമാറ്റം സംഭവിക്കും; ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി, ഇന്ത്യയിലും ജാഗ്രത

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (10:14 IST)
ലോകത്തിനു ഭീഷണിയായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം. B.1.1.529 എന്ന കൊറോണ വൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയത് ഈ വകഭേദത്തില്‍ 10 ജനിതകമാറ്റത്തിനു സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയില്‍ അതിതീവ്ര രോഗവ്യാപനത്തിനു ഈ വൈറസ് കാരണമാകുമെന്നാണ് വിലയിരുത്തല്‍. 'നിര്‍ഭാഗ്യവശാല്‍ ഒരു പുതിയ വകഭേദത്തെ കണ്ടെത്തി. അത് ദക്ഷിണാഫ്രിക്കയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു,' വൈറോളജിസ്റ്റ് ടുലിയോ ഡി ഒലിവേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. B.1.1.529 എന്ന ശാസ്ത്രീയ ലീനിയേജ് നമ്പറില്‍ അറിയപ്പെടുന്ന വകഭേദത്തിന് വളരെ ഉയര്‍ന്ന പരിവര്‍ത്തന സ്വഭാവം ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ബോട്‌സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമാണോ എന്ന് പഠനങ്ങള്‍ നടത്തും. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ളതാണ് പുതിയ വകഭേദമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 
 
കഴിഞ്ഞ വര്‍ഷം ബീറ്റ വകഭേദവും അതിനുശേഷം C.1.2 എന്ന വകഭേദവും ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നോ ഈ പ്രദേശങ്ങള്‍ വഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article