ഉറക്കം മുറിഞ്ഞ് വളരെനേരം പലവിധ വിചാരങ്ങളില്‍ മേഞ്ഞു നടന്നതിനു ശേഷമാണ് മൈഥിലി എഴുന്നേറ്റ് ലൈറ്റ് ഓണ്‍ ചെയ്തത്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവള്‍ വീണ്ടും മെത്തയില്‍ത്തന്നെ തിരിച്ചെത്തി.
താന്‍ ഉറങ്ങാതെ കിടന്നതോ എഴുന്നേറ്റ് ലൈറ്റിട്ടതോ അറിയാതെ ഭര്‍ത്താവ് ഇപ്പോഴും ഗാഢനിദ്രയിലാണ്. ഏതാനും മണിക്കൂര്‍ മുമ്പ് തിടുക്കം നിറഞ്ഞ ഒരു ഇണചേരലിനു ശേഷം തെല്ലും വൈകാതെ ഉറക്കത്തിലേക്ക് മുങ്ങാം കുഴിയിട്ടതാണ് ആള്‍. ഭാഗ്യവാന്‍, എത്ര ഗാഢമായ നിദ്ര!
ഉറക്കത്തിലും വിട്ടുമാറാത്ത നിരാര്‍ദ്രഭാവമുള്ള എണ്ണകിനിയുന്ന ആ മുഖത്തേക്ക് മൈഥിലി അറപ്പോടെ നോക്കിയിരുന്നു. എത്ര കാലമായി ഈ വൃത്തികേട് താന്‍ സഹിക്കുന്നു. ഇനിയും എത്രകാലം താനിത് സഹിക്കേണ്ടിയിരിക്കുന്നു.
വലിയൊരു കല്ലോ തടിയോ എടുത്തിട്ട് ഇതങ്ങ് അവസാനിപ്പിച്ചാലോ എന്നൊരാഗ്രഹം മൈഥിലിയുടെ മനസിലൂടെ, മറ്റു പലരും വിശേഷിപ്പിക്കാറുള്ള ലോലമായ മനസിലൂടെ കടന്നു പോവാതിരുന്നില്ല.
പെട്ടെന്ന് ഉറക്കം ഞെട്ടി ഭര്‍ത്താവ് കണ്ണ് തുറന്നു. തന്റെ നേര്‍ക്ക് നോട്ടമെറിഞ്ഞ് നിശ്ചലയായിരിക്കുന്ന മൈഥിലിയോട് അയാള്‍ ചോദിച്ചു.
“എന്താണിങ്ങനെ നോക്കുന്നത്?”
ഒരു നിമിഷം കൊണ്ട് സങ്കല്‍പലോകത്തു നിന്ന് മടങ്ങിയെത്തി മൈഥിലി പറഞ്ഞു.
“ഉറങ്ങുമ്പോള്‍ ഈ മുഖം ഒരു ചെറിയ കുട്ടിയുടേതു പോലെ നോക്കിയിരിക്കാന്‍ തോന്നും.”
വൃത്തികെട്ട ഒരു ശൃംഗാരഭാവത്തില്‍ ഭര്‍ത്താവ് മൈഥിലിയെ വലതുകൈയാല്‍ തന്നിലേക്ക് ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചു. ഒരു സെപ്റ്റിക് ടാങ്കിലേക്കെന്ന പോലെ മൈഥിലി അയാളുടെ മാറിലേക്ക് വീണു.
( ചെന്നൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷി എന്ന മാസികയുമായുള്ള സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിന് കടപ്പാട് - കേരളബ്ലോഗക്കാദമി ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം)