മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്നു. ‘ആഹാ... എത്ര ഗംഭീരമായ വാര്‍ത്ത’ എന്നല്ലേ ആലോചിക്കുന്നത്. അങ്ങനെ ഒരു സംഭവമുണ്ടായാല്‍ അതിനേക്കാള്‍ വലിയ മാസ് എന്താണ്? എന്നാല്‍ നിലവില്‍ അത്രമാത്രം ആഹ്ലാദിക്കേണ്ട ആവശ്യമൊന്നുമില്ല. ഇരുവരും ഒന്നിക്കുന്ന ഒരു പ്രൊജക്ടിനെപ്പറ്റിയല്ല പറഞ്ഞുവരുന്നത്.
രജനിയുടെ കബാലി മോഹന്‍ലാല്‍ ആണല്ലോ കേരളത്തില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അക്കാര്യത്തേക്കുറിച്ചാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാറിന്‍റെ സിനിമ റിലീസ് ചെയ്യുന്നതിനേക്കാള്‍ ഗ്രാന്‍ഡായാണ് മോഹന്‍ലാല്‍ കേരളത്തില്‍ ‘കബാലി’ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള തൊടുപുഴ ആശീര്‍വാദില്‍ നാലുസ്ക്രീനിലും 22ന് കബാലി പ്രദര്‍ശിപ്പിക്കും.
കേരളത്തില്‍ 300 തിയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്യുന്നത്. 22ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഷോ. റിസര്‍വേഷന്‍ വഴിയാണ് പരമാവധി ടിക്കറ്റുകളും നല്‍കുക. തമിഴ്നാട്ടില്‍ ആദ്യ ആഴ്ചയിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു കഴിഞ്ഞതിനാല്‍ കബാലി കാണാന്‍ കേരളത്തിലേക്ക് തമിഴരുടെ ഒഴുക്ക് ശക്തമാകും. അതുകൂടി മുന്നില്‍ കണ്ടാണ് 300 തിയേറ്ററുകളില്‍ കബാലി പ്രദര്‍ശനത്തിനെത്തിക്കുന്നത്.
വന്‍ പൊലീസ് സന്നാഹമാണ് കബാലി റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് കേരളത്തിലെ തിയേറ്ററുകളില്‍ ഒരുക്കുന്നത്. റിസര്‍വ് ചെയ്ത ടിക്കറ്റ് കാണിച്ചാല്‍ മാത്രമേ തിയേറ്റര്‍ കോമ്പൌണ്ടിലേക്ക് പോലും പ്രവേശനം ലഭിക്കുകയുള്ളൂ.
ഇത് രജനികാന്ത് എന്ന സൂപ്പര്‍താരത്തിന് മോഹന്‍ലാല്‍ നല്‍കുന്ന ആദരം കൂടിയാണ്. കേരളത്തില്‍ കബാലിയുടെ റിലീസ് ഇത്രമാത്രം ഗംഭീരമാക്കാന്‍ മോഹന്‍ലാല്‍ നടത്തുന്ന ശ്രമങ്ങളെ അത്ഭുതത്തോടെയാണ് രജനികാന്തും നോക്കിക്കാണുന്നത്. മുമ്പ് രജനികാന്ത് സിനിമകള്‍ കാണാന്‍ കേരളത്തിലെ രജനി ആരാധകര്‍ മാത്രമായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഇത്തവണ മോഹന്‍ലാല്‍ ആരാധകരും പൂര്‍ണമായും കബാലി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്.
എട്ടരക്കോടി രൂപയ്ക്കാണ് മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഇത് കേരളത്തില്‍ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിതരാണാവകാശത്തുകയാണ്.
മോഹന്‍ലാലിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണ് രജനികാന്ത്. തേന്‍മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീമേക്കുകളിലൂടെ തമിഴ്നാട്ടില്‍ രജനികാന്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും കബാലി വിതരണത്തിനെടുത്തതോടെ മോഹന്‍ലാലുമായി ഒരു പ്രത്യേക സൌഹൃദം രജനിക്ക് ഉണ്ടായിരിക്കുകയാണ്. മോഹന്‍ലാലും രജനിയും ഒരുമിക്കുന്ന ഒരു തമിഴ് സിനിമ പ്രതീക്ഷിക്കാനാകുമെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.
നേരത്തേ മമ്മൂട്ടിയും രജനിയും ഒരുമിച്ച ‘ദളപതി’ തമിഴകവും കേരളവും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ശിവാജിയില്‍ രജനികാന്തിന് വില്ലനാകാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതാണെങ്കിലും അത് മോഹന്‍ലാല്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.