‘മന്യം പുലി’ തെലുങ്ക് നാട്ടില്‍ റിലീസായി. നമ്മുടെ പുലിമുരുകന്‍റെ തെലുങ്ക് പതിപ്പാണ്. ഒരു അന്യഭാഷാ ചിത്രം ഡബ്ബ് ചെയ്തുവരുമ്പോള്‍ സാധാരണയായി കാണാറുള്ള തണുത്ത സ്വീകരണമല്ല ഈ സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ തെലുങ്ക് സിനിമയ്ക്ക് കിട്ടുന്നതിനേക്കാള്‍ ഗംഭീര വരവേല്‍പ്പാണ് മന്യം പുലിക്ക്.
തെലങ്കാനയിലും സീമാന്ധ്രയിലുമായി 350 തിയേറ്ററുകളിലാണ് മന്യം പുലി റിലീസ് ചെയ്തിരിക്കുന്നത്. ഇത്രയധികം തിയേറ്ററുകളില്‍ ഒരു അന്യഭാഷാ ചിത്രത്തിന്‍റെ, പ്രത്യേകിച്ച് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിംഗ് പതിപ്പിന് റിലീസ് കിട്ടുന്നത് തന്നെ ആദ്യമായാണ്.
മലയാളത്തില്‍ പുലിമുരുകന്‍ റിലീസ് ചെയ്തതിനേക്കാള്‍ ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ആന്ധ്രയില്‍ ലഭിക്കുന്നത്. ജനതാ ഗാരേജ് എന്ന 150 കോടി ക്ലബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ ചിത്രം എത്തിയതിന് പിന്നാലെയാണ് മന്യം പുലിയും എത്തിയിരിക്കുന്നത്. അവിടെയും ഇപ്പോള്‍ മോഹന്‍ലാല്‍ സൂപ്പര്‍താരമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെലുങ്കില്‍ മോഹന്‍ലാലിന് ഉള്ളത്.
ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ തെരുവുകളായ തെരുവുകളിലെല്ലാം മോഹന്‍ലാലിന്‍റെയും മന്യം പുലിയുടെയും വലിയ ഫ്ലക്സുകള്‍ വച്ചിരിക്കുകയാണ്. ഓട്ടോറിക്ഷകളിലും ബസുകളിലും മന്യം പുലിയുടെ പരസ്യങ്ങള്‍. എവിടെയും മോഹന്‍ലാല്‍ തരംഗം.
തെലുങ്ക് സൂപ്പര്‍താരം ജഗപതി ബാബുവിന്‍റെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നിന്‍റെയും സാന്നിധ്യവും മന്യം പുലിയോടുള്ള ഇഷ്ടം തെലുങ്ക് പ്രേക്ഷകര്‍ക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.