ഈയടുത്ത കാലത്ത് ഏറ്റവും ചര്‍ച്ചയായ മലയാളം സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാര്‍ഥ കഥ പറഞ്ഞ സിനിമയ്ക്ക് തമിഴകത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് സിനിമകള്‍ പലതും റിലീസ് ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളെ ഭരിക്കുന്നത് മഞ്ഞുമ്മല്‍ ബോയ്‌സാണ്. സിനിമ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമ്പോള്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനമായും ചിലര്‍ രംഗത്തുണ്ട്. കഴിഞ്ഞ ദിവസമാണ് മേഘ്‌ന എന്ന തമിഴ് നടി സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. ഇപ്പോഴിതാ സിനിമയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍.
മഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്‍നിര്‍ത്തി മലയാളികളെ ഒന്നാകെ ആക്ഷേപിക്കുന്ന തരത്തിലാണ് ജയമോഹന്റെ കുറിപ്പ്. സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന പേരില്‍ പൊറുക്കികളെ സാമാന്യവത്കരിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും വിനോദസഞ്ചാര മേഖലയില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ സ്വഭാവമാണ് സിനിമയിലുള്ളതെന്നും ജയമോഹന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. മദ്യപിക്കുക, വിലക്കുള്ള ഇടങ്ങളില്‍ അതിക്രമിച്ച് കയറുക എന്നതെല്ലാമാണ് മലയാളി സംഘങ്ങളുടെ പൊതുസ്വഭാവമെന്നും സംസ്‌കാരമെന്ന ഒന്ന് ഇത്തരം പൊറുക്കികള്‍ക്കില്ലെന്നും ജയമോഹന്‍ പറയുന്നു. മലയാള മണ്ടന്മാര്‍ക്ക് മറ്റ് ഭാഷകള്‍ അറിയില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് അവരുടെ ഭാഷ അറിയണമെന്ന് വാദമുണ്ടെന്നും ജയമോഹന്‍ തുടരുന്നു.