അമ്മയെ തകർത്ത ദിവസം, മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കുമാവില്ല: ഗണേഷ് കുമാർ

അഭിറാം മനോഹർ
ബുധന്‍, 28 ഓഗസ്റ്റ് 2024 (12:09 IST)
അമ്മ ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ പ്രതികരണവുമായി നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍. അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസാമാണിതെന്നും നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
 
 മോഹന്‍ലാല്‍,മമ്മൂട്ടി,സുരേഷ് ഗോപി എന്നിവരില്‍ നിന്നും 50,000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാന്‍ ഉള്‍പ്പടെയുള്ളവരും കയ്യില്‍ നിന്നും കാശെടുത്താണ് അമ്മ എന്ന സംഘടനയെ പടുത്തുയര്‍ത്തിയത്. നാല് വര്‍ഷമായി സംഘടനയുമായി ബന്ധമില്ല. എന്നാല്‍ 130 ഓളം വരുന്ന ആളുകള്‍ മാസം 5000 രൂപ വെച്ച് അമ്മയില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. അതെല്ലാം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം.
 
മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ സംഘടനയെ കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല. പുതിയ ആളുകള്‍ വരണമെന്നാണ് പറയുന്നത്. അത് എന്താകുമെന്ന് കണ്ടറിയണം. ഒരു സംഘടന തകരുന്നത് മറ്റുള്ളവര്‍ക്ക് രസമാണ്. എന്നാല്‍ എനിക്ക് ഹൃദയവേദന തോന്നിയ നിമിഷമാണ്. ഗണേഷ് കുമാര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിനും ലൈംഗികാതിക്രമ പരാതികള്‍ക്കും പിന്നാലെയാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ പേര്‍ മുന്നോട്ട് വന്നതില്‍ അമ്മയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article