ബറോസ് റിലീസ് നീട്ടിയത് ക്ലാഷ് റിലീസ് ഒഴിവാക്കാൻ? സംവിധായകനായി മോഹൻലാൽ എത്തുക മെയ്യിൽ

അഭിറാം മനോഹർ
വെള്ളി, 1 മാര്‍ച്ച് 2024 (17:21 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയില്‍ പുറത്തിറങ്ങുന്ന ബറോസിന് മുകളില്‍ വലിയ ആരാധക പ്രതീക്ഷയാണുള്ളത്. തീര്‍ത്തും ഫിക്ഷണലായുള്ള മറ്റൊരു ലോകത്തില്‍ നിന്ന് കൊണ്ടുള്ള സിനിമ ത്രീ ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത് എന്നതും സംവിധായകനായി മോഹന്‍ലാല്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ എല്ലാവരും തന്നെ. എന്നാല്‍ മാര്‍ച്ച് റിലീസായി വരുമെന്ന് കരുതിയിരുന്ന സിനിമ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്തിറങ്ങുന്നത് വരുന്ന മെയ് മാസത്തിലാകും.
 
മാര്‍ച്ച് 28നായിരുന്നു സിനിമ ആദ്യം റിലീസ് ചെയ്യുവാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് സിനിമയുടെ റിലീസ് നീണ്ടത്. ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ ചാര്‍ട്ട് ചെയ്ത സിനിമകളുമായി റിലീസ് ക്ലാഷ് ഒഴിവാക്കുന്നതിനായി മെയിലാണ് സിനിമയുടെ റിലീസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 6നാകും സിനിമയുടെ റിലീസെന്നാണ് ലഭ്യമാകുന്ന വിവരം.
 
2019 ഏപ്രിലിലായിരുന്നു ബറോസ് പ്രഖ്യാപിക്കപ്പെട്ടത്. ഒഫീഷ്യല്‍ ലോഞ്ച് നടന്നത് 2021 മാര്‍ച്ച് 24നായിരുന്നു. 170 ദിവസത്തോളം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന സിനിമയില്‍ സംവിധാനത്തിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിചാത്തനെന്ന ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയൊരുക്കിയ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article