സൽമാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന ഈഗോ ക്ലാഷ് അവസാനിച്ചത് ഇങ്ങനെ...

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (10:40 IST)
ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു. അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തെ വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹത്തിന് സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ അടക്കമുള്ള സിനിമാ താരങ്ങളുമായും വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. 
 
ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തത്. 
 
2008-ൽ കത്രീന കൈഫിൻ്റെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ രൂക്ഷമായ തർക്കത്തിന് ശേഷമാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള ഭിന്നത ആരംഭിച്ചത്. ഇതേത്തുടർന്ന് അഞ്ച് വർഷത്തോളം ഇരുവരും സംസാരിക്കാതെയായി. കത്രീന കൈഫിന്റെ പിറന്നാൾ പാർട്ടിയിൽ വെച്ച് ഷാരൂഖ് ഖാൻ, നടിയും സൽമാൻ്റെ മുൻ കാമുകിയുമായി ഐശ്വര്യ റായിയെ കുറിച്ച് കമന്റ് അടിച്ചതാണ് എല്ലാ പ്രശ്നങ്ങളും കാരണം. തന്റെ മുൻ കാമുകിയെക്കുറിച്ചുള്ള ഷാരൂഖിന്റെ മോശം പരാമർശം അദ്ദേഹത്തെ വളരെയധികം ചൊടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും പരസ്പരം കലഹിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.  
 
2013 ഏപ്രിൽ 17-ന് നടന്ന സിദ്ദിഖിൻ്റെ വാർഷിക ഇഫ്താർ വിരുന്നിൽ ഈ ശീതയുദ്ധം അവസാനിച്ചു. ചടങ്ങിൽ സിദ്ദിഖ് തന്ത്രപരമായി ഷാരൂഖ് ഖാനെ സൽമാൻ്റെ പിതാവ് സലിം ഖാൻ്റെ അരികിൽ ഇരുത്തി, രണ്ട് താരങ്ങളും മുഖാമുഖം വരുന്നത് ഉറപ്പാക്കി. ഷാരൂഖും സൽമാനും പരസ്പരം അഭിവാദ്യം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അക്കാലത്ത് വൈറലായിരുന്നു. ഇതോടെ ഇവരുടെ പിണക്കം അവസാനിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article