കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ എന്തിനീ തീരുമാനം, അഭിനയം നിര്‍ത്തുന്നുവെന്ന് വിക്രാന്ത് മാസി, അമ്പരപ്പ് മാറാതെ ആരാധകര്‍
ബോളിവുഡില്‍ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചുരുക്കം നായകന്മാരില്‍ ഒരാളാണ് വിക്രാന്ത് മാസി. മിനി സ്‌ക്രീന്‍ വഴി സിനിമയിലെത്തിയ താരത്തിന്റെ ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമ കഴിഞ്ഞ വര്‍ഷം ഇന്ത്യയാകെ വലിയ ചര്‍ച്ചയായ സിനിമയാണ്. പുതിയ സിനിമയായ സബര്‍മതി റിപ്പോര്‍ട്ട് ബോക്‌സോഫീസില്‍ ശ്രദ്ധ നേടുന്നതിനിടെ തന്റെ 37മത്തെ വയസില്‍ സിനിമയില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
2025ല്‍ പുറത്തിറങ്ങുന്ന സിനിമകളാകും തന്റെ അവസാന സിനിമകളെന്ന് നടന്‍ വ്യക്തമാക്കി. ട്വല്‍ത്ത് ഫെയില്‍, സെക്ടര്‍ 36 എന്നീ സിനിമകളിലൂടെ കരിയറിന്റെ നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് വിക്രാന്ത് മാസിയുടെ പ്രഖ്യാപനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. പക്ഷേ മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്,മകന്‍ എന്നീ നിലകളില്‍ വീട്ടിലേക്ക് മടങ്ങിയെത്താനുള്ള സമയമാണെന്ന് ഞാന്‍ മനസിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവെന്ന നിലയില്‍. 2025ല്‍ നമ്മള്‍ അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് ഓര്‍മകളുമുണ്ട്. ഒരിക്കല്‍ കൂടി നന്ദി. വിക്രാന്ത് മാസി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച വിക്രാന്ത് മാസി 2007ല്‍ ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ബാലികാവധു എന്ന സീരിയലിലെ പ്രകടനമാണ് വിക്രാന്ത് മാസിയെ ശ്രദ്ധേയനാക്കിയത്. 2013ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ലൂട്ടേര, ആമസോണ്‍ പരമ്പരയായ മിര്‍സാപൂര്‍ എന്നിവയിലെ പ്രകടനം താരത്തെ ശ്രദ്ധേയനാക്കി. ട്വല്‍ത്ത് ഫെയ്ല്‍,സെക്ടര്‍ 36, സബര്‍മതി എക്‌സ്പ്രസ് എന്നീ സിനിമകള്‍ ബോക്‌സോഫീസിലും മികച്ച പ്രകടനം നടത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് വിക്രാന്ത് മാസിയുടെ ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം.