ഇന്ത്യാ ദിന പരേഡ് നയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും ന്യൂയോർക്കിലേക്ക്

നിഹാരിക കെ.എസ്

ബുധന്‍, 13 ഓഗസ്റ്റ് 2025 (11:30 IST)
ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന 43-ാമത് ഇന്ത്യാ ദിന പരേഡ് നയിക്കാൻ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. മാഡിസൺ അവന്യുവിൽ 17 നാണ് പരിപാടി. സഹ ​ഗ്രാൻഡ് മാർഷൽമാരായാണ് ഇരുവരും അണിചേരുക. സർവ്വ ഭവന്തു സുഖിനാ (എല്ലാവരും സന്തോഷമായി ഇരിക്കട്ടെ) എന്നതാണ് പരിപാടിയുടെ ഇത്തവണത്തെ ടാല് ​ഗൈൻ. 
 
ആ​ഗോള തലത്തിലുള്ള രാഷ്ട്രീയ സംഘർഷാവസ്ഥകൾക്കിടയിൽ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് തങ്ങൾ ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന് സംഘാടകർ പറയുന്നു. വാണിജ്യപരമായ സ്വാധീനങ്ങൾ ഇല്ലാത്തതും ഒരു സമൂഹം അഭിമാനബോധത്തോടെ പങ്കെടുക്കുന്നതുമായ പരിപാടിയാണ് ഇതെന്ന് സംഘാടകരായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് പ്രസിഡൻറ് സൗരിൻ പരീഖ് പറഞ്ഞു.
 
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ വച്ചാണ് 43-ാം വാർഷികത്തിൻറെ കാര്യപരിപാടികൾ പ്രഖ്യാപിച്ചത്. 1981 ൽ ഒരു ഫ്ലോട്ടുമായി തുടങ്ങിയ പരിപാടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യാ ദിന ആഘോഷങ്ങളിൽ ഒന്നാണ്. 1970 ൽ സ്ഥാപിതമായ സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്. ഇന്ത്യൻ സംസ്കാരത്തെയും സാമൂഹികമായ ഇടപെടലുകളെയും ഇന്ത്യ-യുഎസ് ബന്ധത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ.
 
ഓ​ഗസ്റ്റ് 15 നാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുക. അന്ന് എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ത്രിവർണ്ണ നിറങ്ങളിൽ തിളങ്ങും. 16-ാം തീയതി ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും. പരേഡിൻറെ ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരവും നടക്കും. 17 ന് ഉച്ചയ്ക്ക് 12 ന് മാഡിസൺ അവന്യുവിലാണ് പരേഡിന് തുടക്കമാവുക. ഇസ്കോൺ ന്യൂയോർക്ക് നടത്തുന്ന രഥയാത്രയും ഇതോടൊപ്പം നടക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍