Rashmika Mandana: 'വിവാഹം കഴിഞ്ഞാൽ സിനിമ ഉപേക്ഷിക്കണം?': രക്ഷിത്-രശ്‌മിക ബന്ധം അവസാനിക്കാൻ കാരണമിതോ?

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (10:08 IST)
കന്നഡ സിനിമകളിലൂടെയായിരുന്നു രശ്മിക മന്ദാനയുടെ കരിയർ ആരംഭിച്ചത്. എന്നാൽ, ഇന്ന് തമിഴിലും തെലുങ്കിലുമാണ് രശ്മിക സിനിമകൾ ചെയ്യുന്നത്. ബോളിവുഡിലും രശ്‌മിക മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർസിൽ ഒരാളായ രക്ഷിത് ഷെട്ടിയാണ് രശ്മികയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. റിഷ​ഭ് ഷെട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടി എന്ന ചിത്രത്തിൽ ഇരുവരുമായിരുന്നു നായകനും നായികയുമായി അഭിനയിച്ചത്. കിറുക്ക് പാർട്ടി വലിയ ഹിറ്റായിരുന്നു.
 
കിറുക്ക് പാർട്ടിയുടെ സെറ്റിൽ വെച്ചുള്ള പരിചയവും സൗഹൃദവും ഇരുവരെയും അടുപ്പിച്ചു. രക്ഷിതും രശ്മികയും പ്രണയത്തിലായി. അന്ന് രശ്മികയ്ക്ക് പ്രായം ഇരുപത്തിയൊന്നും രക്ഷിത് ഷെട്ടിക്ക് പ്രായം മുപ്പത്തിനാലുമായിരുന്നു. രക്ഷിത് കന്നഡയിലെ സൂപ്പർതാരമായിരുന്നു. ഇവരുടെ കുടുംബത്തിന് ഈ ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതത്തോടെ അത്യാഢംബരപൂർവം വിവാഹനിശ്ചയവും നടത്തി.
 
2017ൽ ആയിരുന്നു ഇരുവരുടേയും എൻ​ഗേജ്മെന്റ് നടന്നത്. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞശേഷമുള്ള നാളുകളിൽ ഇരുവർക്കും ഇടയിൽ അകൽച്ചയും അഭിപ്രായ വ്യത്യാസങ്ങളും ആരംഭിച്ചു. സിനിമ പൂർണമായും ഉപേക്ഷിച്ച് ഔർ കുടുംബിനിയായി കഴിയുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു രക്ഷിത് ആഗ്രഹിച്ചത്. പക്ഷെ രശ്മിക വളരെ ചെറുപ്പവും സ്റ്റാർഡം അനുഭവിച്ച് തുടങ്ങിയ സമയവുമായിരുന്നു. സിനിമയിൽ തനിക്ക് ഒരു നല്ല ഭാവി ഉണ്ടെന്ന് മനസിലാക്കിയ രശ്‌മിക രക്ഷിത്തിന്റെ ആഗ്രഹത്തോട് സമ്മതം പറഞ്ഞില്ല.
 
കരിയർ ഉപേക്ഷിച്ച് കുടുംബിനിയായി കഴിയാൻ ആഗ്രഹിക്കാതെ വന്നതോടെ രക്ഷിതമായുള്ള ബന്ധവും അവസാനിച്ചു. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. എന്നാൽ, സിനിമയിൽ നിലയുറപ്പിക്കാൻ വേണ്ടി രക്ഷിതുമായുള്ള സൗഹൃദം രശ്മിക ഉപയോ​ഗിച്ചുവെന്നും ​ആ​ഗ്രഹിച്ച സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഒഴിവാക്കി എന്നുമായിരുന്നു രക്ഷിത്തിന്റെ ആരാധകരുടെ ഭാഷ്യം. ഇതിന്റെ പേരിൽ ഇവർ ഇന്നും സൈബർ ഇടങ്ങളിൽ രശ്‌മികയ്ക്ക് നേരെ കടുത്ത ആക്രമണമാണ് നടത്തുന്നത്.
 
രക്ഷിതുമായുള്ള പ്രണയത്തകർച്ചയ്ക്കുശേഷം രശ്മികയ്ക്ക് കന്നഡ സിനിമയിൽ നിന്ന് അവസരങ്ങൾ കിട്ടാതെയുമായി. കന്നഡയിൽ നിന്നും ഒരു സിനിമയും കിട്ടാതെ വന്നതോടെയാണ്, തെലുങ്കിൽ ഭാ​ഗ്യം പരീക്ഷിക്കാമെന്ന് രശ്മിക തീരുമാനിക്കുന്നത്. ​അങ്ങനെയാണ് ​ഗീതാ ​ഗോവിന്ദം സംഭവിക്കുന്നത്. അതൊരു കരിയർ ബ്രേക്കായി മാറി. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും രശ്മിക തെലുങ്കിൽ മാത്രമല്ല നാഷണൽ ക്രഷായി മാറി. ​
 
ഗീതാ ​ഗോവിന്ദവും വിജയ് ദേവരകൊണ്ടയുമായുള്ള കെമിസ്ട്രിയും സിനിമാപ്രേമികൾക്ക് ഇടയിൽ ഹിറ്റായി. അവിടെ തുടങ്ങിയ നടിയുടെ വിജയ​ഗാഥ സിക്കന്ദർ എന്ന ബോളിവുഡ് സിനിമ വരെ എത്തി നിൽക്കുകയാണ്. നടി ഇപ്പോൾ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഡേറ്റിങിലാണെന്ന സൂചനകൾ നൽകുന്ന നിരവധി ഫോട്ടോകളും വീ‍ഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഉടൻ ഇവർ വിവാഹിതരാകുമെന്നും റിപ്പോർട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍