ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. രൺവീറിന്റെ വില്ലനായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇത് തള്ളിക്കളയുകയാണ് ബോളിവുഡ് മാധ്യമങ്ങൾ.
ചിത്രത്തിൽ നേരത്തെ വില്ലൻ റോളിലേക്ക് വിക്രാന്ത് മാസിയുടെ പേരായിരുന്നു ഉയർന്ന് കേട്ടത്. ഡോൺ 3 യിൽ വിക്രാന്ത് മാസി തന്നെയാണ് വില്ലന്നെന്നും വിജയ് ദേവരകൊണ്ട ചിത്രത്തിലുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ബോളിവുഡ് ഹങ്കാമയുടെ റീപ്പോർട്ടിൽ പറയുന്നു. ചിത്രത്തിനായി കടുത്ത പരിശീലനം നടത്തുകയാണ് വിക്രാന്ത് മാസി. ചിത്രത്തിനായി നടൻ ശരീരഭാരം കൂട്ടുകയും മാർഷൽ ആർട്സ് പരിശീലിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, അടുത്ത വർഷം ജനുവരി മുതൽ ഡോൺ ത്രീയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ രൺവീർ സിംഗ് ദുരന്തർ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. സെപ്റ്റംബറിൽ ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് ശേഷം ചിത്രത്തിന്റെ പ്രൊമോഷനായുള്ള തയ്യാറെടുപ്പുകളിലേക്ക് നടൻ കടക്കും. ഇതിന് ശേഷമാകും രൺവീർ ഡോൺ ത്രീയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
കൃതി സനോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. കൃതിയുടെ ഭാഗങ്ങളും ജനുവരിയിൽ തന്നെ ചിത്രീകരിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. ചിത്രം 2026 ൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.