വിജയ് ദേവരകൊണ്ടയ്ക്കും റാണ ഗുബാട്ടിക്കുമെതിരെ കേസെടുത്ത് ഇ.ഡി

നിഹാരിക കെ.എസ്

വ്യാഴം, 10 ജൂലൈ 2025 (13:52 IST)
ബെറ്റിങ് ആപ്പുകൾക്കായി പരസ്യം ചെയ്തതിന് വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദ​ഗുബാട്ടി ഉൾപ്പെടെയുളള താരങ്ങൾക്കെതിരെ കേസെടുത്ത് ഇ.ഡി. ഇവർക്ക് പുറമെ നിധി അ​ഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ നടിമാർക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയുമാണ് ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 
ടെലിവിഷൻ അവതാരകരായ രണ്ട് പേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വൈകാതെ ഇവർക്കെതിരെയും സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു. 29 പ്രമുഖ അഭിനേതാക്കൾ, ഹർഷൻ സായ് ഉൾപ്പെടെയുളള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ, ലോക്കൽ ബോയ് നാനി എന്ന യൂടൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെയും ഇഡി അന്വേഷണം നടത്തിവരികയാണ്. 
 
ബെറ്റിങ് ആപ്പ് പ്രചാരണങ്ങൾ നടത്തിയതിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാവുമെന്നും അത് കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത്. അതേസമയം ബെറ്റിങ് ആപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേസിൽ ഉൾപ്പെട്ട താരങ്ങൾ രം​ഗത്തെത്തിയിരുന്നു. 
 
കഴിവ് അടിസ്ഥാനമാക്കിയുളള ​ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. റമ്മിയെ സ്കിൽ ബേസ്ഡ് ​ഗെയിം എന്ന നിലയിൽ നൈപുണ്യത്തിന്റെ കളിയായി സുപ്രീം കോടതി അം​ഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ പറഞ്ഞു. ഇത് ഭാ​ഗ്യത്തെ അടിസ്ഥാനമാക്കിയുളള ചൂതാട്ടത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയ്ക്ക് പുറമെ റാണ ദ​ഗുബാട്ടിയും പ്രകാശ് രാജും വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍