Mammootty Mohanlal: താര സൗഹൃദങ്ങളിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടോ? മമ്മൂട്ടിയുടെ ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി

നിഹാരിക കെ.എസ്

വ്യാഴം, 10 ജൂലൈ 2025 (10:46 IST)
പതിറ്റാണ്ടുകളോളം ഒരേ ഇൻഡസ്ട്രിയിൽ രാജാക്കന്മാരായി വാഴുക എന്നത് ചെറിയ കാര്യമല്ല. തുടക്കം മുതൽ ഒരുമിച്ചുള്ള രണ്ട് പേർ, ഇന്നും മത്സരയോട്ടം അവസാനിപ്പിച്ചിട്ടില്ല. പറഞ്ഞുവരുന്നത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കാര്യമാണ്. ഇവർ തമ്മിലുള്ള സൗഹൃദത്തിന് മുന്നിൽ വട്ടം വെയ്ക്കാൻ പോന്ന മറ്റൊരു സൗഹൃദം മലയാള സിനിമയിൽ കണ്ടെത്തുക പ്രയാസം. മറ്റൊരു ഇൻഡസ്‌ട്രിയിലും രണ്ടു പ്രധാന താരങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ലാത്ത, നാല് പതിറ്റാണ്ടുകൾ പിന്നിട്ട സൗഹൃദമാണ് ഇത്.
 
തന്നെക്കാൾ ഒമ്പത് വയസ്സിന് മൂത്ത ഭ്രമയുഗം നടനെ, സ്നേഹപൂർവ്വം 'ഇച്ചാക്ക' എന്നും 'മമ്മൂട്ടിക്ക' എന്നുമൊക്കെയാണ് എമ്പുരാൻ താരം വിളിക്കാറ്. തന്റെ സഹോദരങ്ങൾ കഴിഞ്ഞാൽ അങ്ങനെ വിളിക്കാൻ സ്വാതന്ത്യമുള്ള ഒരേയൊരാൾ ലാൽ ആണെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ലാൽ എന്നാണ് മമ്മൂട്ടി മോഹൻലാലിനെ വിളിക്കുന്നത്. 
 
വർഷങ്ങൾക്ക് മുൻപ്, കൈരളി ടി.വി.ക്ക് വേണ്ടി ജോൺ ബ്രിട്ടാസ് അവതരിപ്പിച്ച ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ, മോഹൻലാൽ അതിഥിയായി എത്തിയിരുന്നു. ഈ അഭിമുഖത്തിൽ മോഹൻലാലിനായി ഒരു സ്പെഷ്യൽ വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി ഒരു ചോദ്യം ചോദിച്ചിരുന്നു. ആ ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. 
 
'ഒരുപാട് ചോദ്യങ്ങൾ നിങ്ങൾ എന്നോടും, ഞാൻ നിങ്ങളോടും പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്. പരസ്പരം ആ മറുപടികൾ ആസ്വദിക്കുകയും, അംഗീകരിക്കുകയും ചെയ്തവരാണ് നമ്മൾ. ഇപ്പോൾ ഒരു പൊതുവായ ചോദ്യം ചോദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരേ തൊഴിൽ രംഗത്ത്, പരസ്പര മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന രണ്ട് ആളുകൾ, അവരുടെ വ്യക്തിപരമായ സൗഹൃദത്തിന് എത്ര ആഴവും, ആത്മാർത്ഥതയും, സത്യസന്ധതയും ഉണ്ടാവും?," മെഗാസ്റ്റാർ ചോദിച്ചു. ഒപ്പം, "നമ്മളെ ഉദാഹരണമായിട്ട് കാണരുത്" എന്നൊരു വ്യവസ്ഥയും മമ്മൂട്ടി മുന്നോട്ടു വച്ചു.
 
എന്നാൽ, "ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ" എന്നല്ലാതെ, രണ്ടു മനുഷ്യർ തമ്മിൽ ഉണ്ടാവേണ്ട വ്യക്തിബന്ധത്തെ കുറിച്ച് താൻ പറയാം എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്. മമ്മൂട്ടിയെ കുറിച്ച് പറയണ്ട എന്ന് അദ്ദേഹം പറഞ്ഞെങ്കിലും, തനിക്ക് ആ ബന്ധത്തെ കുറിച്ച് പറയാനാണ് ഇഷ്ടമെന്നും മോഹൻലാൽ അന്ന് പറഞ്ഞു.
 
'മമ്മൂട്ടിക്കയെ എനിക്ക് എത്രയോ വർഷങ്ങളായി അറിയാം. ഞങ്ങൾ അമ്പതിനാലോളം സിനിമകൾ ഒന്നിച്ച് അഭിനയിച്ചു. എനിക്ക് തോന്നുന്നു, മറ്റൊരു ഭാഷയിലും അവിടുത്തെ താരങ്ങൾ ഇത്രയും സിനിമകൾ ഒരുമിച്ച് ചെയ്തിട്ടില്ല. എല്ലാ ഇൻഡസ്ട്രികളിലും എന്നും രണ്ടു പേര് തമ്മിലാണ് മത്സരം. എം.ജി.ആർ - ശിവാജി ഗണേശൻ, അമിതാബ് ബച്ചൻ - ധർമേന്ദ്ര, ഇവിടെ സത്യൻ - പ്രേം നസീർ, സോമൻ - സുകുമാരൻ, അങ്ങനെ. 
 
പക്ഷെ എനിക്കും മമ്മൂട്ടിക്കക്കും മാത്രമേ ഈ അമ്പത്തിനാല് സിനിമകൾ ചെയ്യാൻ പറ്റിയുള്ളൂ. അത് മലയാളത്തിൽ വർക്ക് ചെയ്തത് കൊണ്ടാണ്, കേരളത്തിൽ ജനിച്ചത് കൊണ്ടാണ് എന്നൊക്കെ ഞാൻ വിശ്വസിക്കുന്നു. ഇതിന്റെ ബേസിക് ആയ ഒരു കാര്യം എന്ന് പറയുന്നത്, പരസ്പരം ബഹുമാനിക്കുക എന്നുള്ളതാണ്. നമ്മൾ രണ്ട് മനുഷ്യരാണ്, ദൈവം സൃഷ്‌ടിച്ച രണ്ട് ജീവനാണെന്ന് മനസിലാക്കുക. 
 
പിന്നെ അദ്ദേഹം എന്റെ സുഹൃത്താണ് എന്ന് ഞാൻ പറയുമ്പോൾ, അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തികളും ഞാൻ അംഗീകരിക്കേണ്ടതാണ്. അതൊക്കെ ഞാൻ ഇഷ്ടപ്പെടുന്നതാണ്. അത് കൊണ്ട് തന്നെ, "നിങ്ങൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു, ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു," എന്നൊന്നും ഞാൻ ഒരിക്കലും പറയാറില്ല. പ്രൊഫഷണൽ ആയിട്ട് ഒരു ഈഗോയും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല', മോഹൻലാൽ കൂട്ടിച്ചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍