ThugLife: ദുൽഖറിന് നഷ്ടം, പകരക്കാരനായി എസ് ടി ആർ എത്തി, മാസ് ലുക്കിൽ കമൽഹാസനും, തഗ്‌ലൈഫ് ലൊക്കേഷൻ ചിത്രം വൈറൽ

അഭിറാം മനോഹർ
തിങ്കള്‍, 6 മെയ് 2024 (15:00 IST)
Thuglife,STR,Kamalhaasan
നായകന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് ചിത്രം കഴിഞ്ഞ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. വിക്രം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം കമല്‍ഹാസന്‍ അഭിനയിക്കുന്ന സിനിമയെന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ തഗ് ലൈഫ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വന്‍ വരവേല്‍പ്പാണ് സിനിമയുടെ ടീസറിനും ലഭിച്ചത്.
 
കമല്‍ ഹാസന് പുറമെ ജയം രവി,ദുല്‍ഖര്‍ സല്‍മാന്‍,തൃഷ,ഗൗതം കാര്‍ത്തിക്,അഭിരാമി,ജോജു ജോര്‍ജ്,പങ്കജ് തൃപാഠി എന്നിങ്ങനെ ശക്തമായ താരനിര സിനിമയില്‍ അണിനിരക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരങ്ങള്‍. എന്നാല്‍ തിരക്കുകള്‍ കാരണം ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. സിലമ്പരസനാണ് സിനിമയില്‍ ദുല്‍ഖര്‍ ചെയ്യാനിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിര്‍സാപൂര്‍ എന്ന സീരീസിലൂടെ ശ്രദ്ധേയനായ അലി ഫസലാകും ജയം രവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
 
 ഇപ്പോഴിതാ ഡല്‍ഹിയില്‍ നടക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ കമല്‍ഹാസനും സിലമ്പരസനും ഒപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കമല്‍ഹാസന്‍,അഭിരാമി,നാസര്‍,സിലമ്പരസന്‍ എന്നീ താരങ്ങളെ ഈ ചിത്രത്തില്‍ കാണാം. തടി കുറച്ച് മുടി വളര്‍ത്തിയ ലുക്കിലാണ് സിലമ്പരസന്‍ ചിത്രത്തിലുള്ളത്. കമല്‍ഹാസനാകട്ടെ 36 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ സത്യ എന്ന ഹിറ്റ് സിനിമയിലെ ഗെറ്റപ്പിലാണ് ചിത്രത്തിലുള്ളത്. ചിത്രം പുറത്തിറങ്ങിയത് മുതല്‍ വലിയ പ്രശംസയാണ് സിലമ്പരസന്റെയും കമലിന്റെയും ലുക്കിന് ലഭിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ വലിയ അവസരമാണ് നഷ്ടമാക്കിയതെന്ന് പറയുന്നവരും ഒട്ടേറെയാണ്. കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമ നഷ്ടമാക്കിയത് ദുല്‍ഖറിന്റെ കരിയറില്‍ വലിയ നഷ്ടമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article