രജനികാന്ത് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ‘കബാലി’യുടെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ വാങ്ങിയത് 7.5 കോടി രൂപയ്ക്ക്. വിജയ് നായകനായ ‘തെറി’യുടെ വിതരണാവകാശത്തുകയുടെ റെക്കോര്‍ഡാണ് മോഹന്‍ലാല്‍ ഈ വമ്പന്‍ ബിസിനസിലൂടെ മറികടന്നത്.
തെറിയുടെ വിതരണാവകാശം ഫ്രൈഡേ ഫിലിംസ് വാങ്ങിയത് 5.6 കോടി രൂപയ്ക്കായിരുന്നു. ഏഴരക്കോടി രൂപയ്ക്ക് സ്വന്തമാക്കിയ കബാലി അതിന്‍റെ നാലിരട്ടിയെങ്കിലും ലാഭം മോഹന്‍ലാലിന് നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറെ വലിയ മത്സരങ്ങള്‍ക്കൊടുവിലാണ് കബാലിയെ മോഹന്‍ലാലിന്‍റെ മാക്സ്‌ലാബ് സ്വന്തമാക്കിയത്. മോഹന്‍ലാല്‍ അഭിനയിക്കാത്ത ഒരു സിനിമ മാക്സ്‌ലാബ് വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. നേരത്തേ ജില്ല എന്ന തമിഴ് ചിത്രം മാക്സ്‌ലാബ് വിതരണം ചെയ്തിട്ടുണ്ടെങ്കിലും അതിലും ഒരു നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു.
ജൂലൈ 15 അല്ലെങ്കില്‍ ജൂലൈ 22 എന്നിങ്ങനെയാണ് ഇപ്പോള്‍ കബാലിയുടെ റിലീസ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. കേരളത്തില്‍ 200ലധികം കേന്ദ്രങ്ങളില്‍ കബാലി പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.