Surya Sethupathi: അച്ഛൻ ദിവസവും 500 രൂപ ചെലവിന് തരും, നെപ്പോ കിഡ് എന്ന് വിളിക്കുന്നതിൽ തെറ്റില്ല: സൂര്യ സേതുപതി

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (08:59 IST)
വിജയ് സേതുപതിയുടെ മകൻ സൂര്യ നായകനായ 'ഫീനിക്സ്' കഴിഞ്ഞ ആഴ്ചയാണ് റിലീസ് ആയത്. തന്റേതായ വഴിയിലൂടെ സിനിമയിൽ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാൽ, സിനിമ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ‘നെപ്പോ കിഡ്’ എന്ന ടാഗിൽ സൂര്യ സേതുപതിയുടെ സിനിമയിലേക്കുള്ള കടന്നുവരവ് ചർച്ച ചെയ്യപെടുകയാണ്. 
 
നെപ്പോ കിഡ് എന്ന വിളിയിൽ പ്രതികരിക്കുകയാണ് സൂര്യ. ഒരു നെപ്പോ കിഡ് എന്ന നിലയിൽ, അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം എന്നാണ്  ന്യൂസ് 18 ഷോഷയുമായുള്ള ഒരു ചാറ്റിൽ സൂര്യ മനസ് തുറന്നത്. 
 
‘ഒരാളെ നെപ്പോ കിഡ് എന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. നിങ്ങളുടെ അച്ഛന് ഒരു പാരമ്പര്യം ഉണ്ടായിരുന്നു എന്നാണ് അതിനർത്ഥം അല്ലേ? നിങ്ങൾ പുതിയ എന്തെങ്കിലും ആരംഭിക്കുകയാണ്. എന്നാൽ ഒരു നെപ്പോ കിഡ് എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അവിടെ ഒരു തടസ്സമുണ്ട്. അത് മറികടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ ആ പോരാട്ടങ്ങൾ നിങ്ങളെ പഠിപ്പിക്കും’ എന്ന് സൂര്യ പറയുന്നു.
 
നെപോട്ടിസത്തെക്കുറിച്ചുള്ള സൂര്യയുടെ വീക്ഷണം ജീവിതാനുഭവങ്ങളിൽ വേരൂന്നിയതാണ്. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളുടെ മകനായിരുന്നിട്ടും സൂര്യയുടെ ജീവിതം ആഡംബരം നിറഞ്ഞതായിരുന്നില്ല. 
 
‘കുട്ടിക്കാലം മുതൽ കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ഞാൻ ഇവിടെ എത്തിയത്. അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്’, സൂര്യ പറഞ്ഞു.
 
അതേസമയം, സൂര്യയുടെ ആദ്യ ചിത്രമായ ഫീനിക്സ് സംവിധാനം ചെയ്തത് സ്റ്റണ്ട് മാസ്റ്ററായി മാറിയ ചലച്ചിത്ര നിർമ്മാതാവായ അനൽ അരസു ആണ്. വരലക്ഷ്മി ശരത്കുമാർ, ദേവദർശിനി, ജെ. വിഘ്നേഷ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരും അണിനിരക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍