State Award: മമ്മൂട്ടിയെ വീഴ്ത്തുമോ ആസിഫ് അലി?; സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അന്തിമഘട്ടത്തിലേക്ക്

നിഹാരിക കെ.എസ്

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (15:15 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയം അന്തിമഘട്ടത്തിലേക്ക്. മികച്ച നടനും മികച്ച നടിക്കുമായി കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. ഇത്തവണ മമ്മൂട്ടിയും ആസിഫ് അലിയും തമ്മിലാണ് കടുത്ത മത്സരം. ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി, മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമോ എന്നാണ് പ്രേക്ഷകർ ചർച്ചയാക്കുന്നത്.
 
‘ലെവൽ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’, ‘രേഖാചിത്രം’ എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലി മമ്മൂട്ടിക്ക് മുന്നിൽ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവൻ, ‘ആവേശ’ത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസിൽ, ‘എആർഎ’മ്മിൽ ട്രിപ്പിൾ റോളിലെത്തിയ ടൊവിനോ തോമസ് എന്നിവരെയും ജൂറി പരിഗണിക്കുന്നുണ്ട്.
 
മികച്ച നടിക്കുള്ള മത്സരത്തിൽ കനി കുസൃതി (ഓൾ വി ഇമാജിൻ ആസ് ലൈറ്റ്), ദിവ്യപ്രഭ (ഓൾ വി ഇമാജിൻ ആസ് ലൈറ്റ്), അനശ്വര രാജൻ (രേഖാചിത്രം), ജ്യോതിർമയി (ബോഗെയ്ൻവില്ല), സുരഭി ലക്ഷ്മി (എആർഎം), ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), നസ്രിയ നസീം (സൂക്ഷ്മദർശിനി) എന്നിവർ അന്തിമ റൗണ്ടിലുണ്ട്.
 
തെന്നിന്ത്യൻ താരം പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിക്ക് മുന്നിൽ 128 സിനിമകളാണ് ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ടത്. ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍