ബുള്ളറ്റും റെയ്ബാനും സമ്മാനം !സ്ഫടികം 4കെ കാണു.. മോഹന്‍ലാലില്‍ നിന്നും നേരിട്ടു വാങ്ങൂ..

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (09:02 IST)
സ്ഫടികം 4കെ പതിപ്പ് തീയേറ്ററുകളിലേക്ക് ഫെബ്രുവരി 9 മുതല്‍ എത്തുകയാണ്. സിനിമയില്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകള്‍ ഉണ്ടാകുമെന്ന് കൊച്ചിയിലെ പ്രസ് മീറ്റിനിടെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. അത് ഏതെല്ലാം എന്ന് കണ്ടെത്തുന്നവര്‍ക്ക് സമ്മാനവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിലൊരു മാറ്റം വരുത്തിയിരിക്കുകയാണെന്ന് ഭദ്രന്‍.
ഭദ്രന്റെ വാക്കുകളിലേക്ക്
പ്രിയപ്പെട്ടവരേ,
 
നിങ്ങളേവരും നെഞ്ചുംകൂടില്‍ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിര്‍ത്ത 'സ്ഫടികം' 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളില്‍ വീണ്ടും അവതരിക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. പാതയുണര്‍ത്തുന്ന ആ ബുള്ളറ്റിന്റെ വരവും ലോറിയുടെ ഇരമ്പലും കരിമ്പാറ പൊട്ടിചിതറുന്ന സ്‌ഫോടന ശബ്ദവുമൊക്കെ ഫെബ്രുവരി 9 മുതല്‍ നിങ്ങളുടെ കര്‍ണപുടങ്ങളില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ തികവോടെ വിസ്മയാവേശത്തില്‍ പതിയുന്ന ആ നിമിഷങ്ങളെ ഓര്‍ത്തുള്ള ആകാംക്ഷയിലാണ് ഞാന്‍. 
 
സിനിമയുടെ വരവറിയിച്ചെത്തിയ മോഷന്‍ പോസ്റ്ററിനും, ടീസറിനും, ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും നിങ്ങള്‍ തന്ന അത്ഭുതപൂര്‍വ്വമായ സ്വീകരണത്തിന് മനസ്സില്‍ തട്ടിയുള്ള നന്ദി സ്‌നേഹം. 4കെ ദൃശ്യമികവില്‍ 'സ്ഫടികം' നിങ്ങള്‍ക്ക് മുന്നില്‍ തെളിയുമ്പോള്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കൊച്ചിയില്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ പുതിയ ഷോട്ടുകള്‍ ഏവയെന്ന് നോക്കിയിരിക്കുമ്പോള്‍ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന്റെ രസതന്ത്രം മുറിഞ്ഞു പോയാലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. 
 
അതിനാല്‍ 'സ്ഫടിക'ത്തെ നെഞ്ചോടു ചേര്‍ത്ത് സ്‌നേഹിക്കുന്ന പലരുടേയും പല കോണില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ മാനിച്ച് അതില്‍ ഒരു വ്യത്യാസം വരുത്തുകയാണ്. 
ആ സമ്മാനം നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മറ്റൊരു രീതി ഞങ്ങള്‍ അവലംബിക്കുകയാണ്. 28 കൊല്ലം സ്‌നേഹം തന്നതിന്റെ സമ്മാനമായി, ഇനി ആടുതോമ നിങ്ങള്‍ക്ക് നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാന്‍ ഗ്ലാസും സമ്മാനിക്കും. അതിന് വേണ്ടിയുള്ള #SpadikamContest ന്റെ details വൈകാതെ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹന്‍ലാല്‍ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കും!
 
സ്‌നേഹത്തോടെ,
ഭദ്രന്‍
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article