വിണ്ണൈത്താണ്ടി വരുവായ, മാനാട് തുടങ്ങി നിരവധി തമിഴ് സിനിമകളിലൂടെ മലയാളികളുടെയും പ്രിയങ്കരനായ നടനാണ് സിലമ്പരശൻ. സിമ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടന്റെ ഏറ്റവും പുതിയ സിനിമ അതങ് ലൈഫാണ്. കമൽ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള സിമ്പു ചിത്രം. വളരെ ശക്തമായ ഒരു വേഷത്തിലാണ് സിനിമയിൽ സിമ്പു എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സ്റ്റാർ സ്പോർട്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെക്കുറിച്ച് സിമ്പു പറഞ്ഞ രസകരമായ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരിക്കൽ വിരാട് കോഹ്‌ലിയെ നേരിൽ കാണാൻ അവസരം ഉണ്ടായെന്നും എന്നാൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പോയെന്നും മനസുതുറക്കുകയാണ് സിലമ്പരശൻ.
'കോഹ്‌ലി അടുത്ത സച്ചിനാകാൻ എല്ലാ സാധ്യതയും ഉണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞപ്പോൾ അവനെല്ലാം രണ്ട് കൊല്ലം കൊണ്ട് ഔട്ട് ആകും എന്നാണ് പലരും പറഞ്ഞത്. അതിന് ശേഷം എന്ത് സംഭവിച്ചെന്നും അദ്ദേഹത്തിന്റെ വളർച്ചയെക്കുറിച്ചും നമുക്ക് ഇപ്പോൾ അറിയാം. ആ സമയത്ത് ഒരിടത്ത് വെച്ച് ഞാൻ അദ്ദേഹത്തിനെ കണ്ടു. അപ്പോൾ അദ്ദേഹത്തിനോട് പോയി സംസാരിക്കാമെന്ന് കരുതി അടുത്തേക്ക് ചെന്നു. 'ആരാണ് നിങ്ങൾ'? എന്ന് കോഹ്‌ലി എന്നോട് ചോദിച്ചു. എന്റെ പേര് സിമ്പു ആണെന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞ് അദ്ദേഹം നടന്നു പോയി. ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.
ഒരു നാൾ ഞാൻ ആരെന്ന് നിങ്ങൾ അറിയും എന്ന് ഞാൻ സ്വയം പറഞ്ഞു. അതിന് ശേഷം എന്റെ ഒരു സോങ് വെച്ച ആർസിബിയുടെ ഒരു റീൽ ട്രെൻഡ് ആയി. ശരി ഇപ്പോൾ എന്റെ പാട്ട് അവർക്കിടയിൽ ഹിറ്റാകുന്നു നിലയിലെങ്കിലും വന്നല്ലോ. അതും ഒരു വിജയമാണ് എന്ന് ഞാൻ കരുതി', സിമ്പു പറഞ്ഞു.