'താടി വളരുന്നില്ല, തുടക്കം മുതൽ ചെയ്യുന്നത് ടീനേജ് പയ്യന്റെ റോൾസ്': സിദ്ധാർത്ഥ്

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (10:44 IST)
സിദ്ധാർഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്ത ചിത്രമാണ് 'ത്രീ ബിഎച്ച്കെ'. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോ കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമയിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ഗെറ്റപ്പിലാണ് സിദ്ധാർത്ഥ് എത്തുന്നത്. 
 
സിനിമയിലെത്തി 20 വർഷത്തിനിപ്പുറവും ചെറുപ്പക്കാരനായിട്ടുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാർത്ഥ്. തന്റെ രൂപം ഇത്തരത്തിലായതുകൊണ്ടാണ് ഇപ്പോഴും പ്ലസ്ടു വിദ്യാർത്ഥിയായി അഭിനയിക്കാൻ സാധിക്കുന്നതെന്ന് താരം പറഞ്ഞു. സുധീർ ശ്രീനിവാസനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
സിലമ്പരസൻ അയാളുടെ 22ാമത്തെ വയസിൽ ചെയ്ത 'തൊട്ടി ജയ' എന്ന സിനിമ പോലൊന്ന് തനിക്കും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ തനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.
 
‘3BHKയിലേക്ക് ശ്രീ ഗണേഷ് എന്നെ വിളിച്ചപ്പോൾ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിലും പങ്കുവെച്ചു. മൂന്ന് ഗെറ്റപ്പുണ്ടെന്നും പ്ലസ് ടു സ്റ്റുഡന്റായി അഭിനയിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. സിനിമയിൽ മാത്രമാണ് നമുക്ക് പഴയ പ്രായത്തിലേക്ക് പോകാൻ സാധിക്കുന്നതെന്ന് തോന്നുന്നു. ചാലഞ്ചിങ്ങായതുകൊണ്ട് ഞാൻ ഈ സിനിമ ചെയ്തു. സിനിമയിലെത്തിയ സമയം മുതൽ ഇതുപോലെ ടീനേജ് പയ്യന്റെ റോളാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. 
 
ആദ്യമൊക്കെ എന്റെ രൂപം അതുപോലെയായതുകൊണ്ട് അത്തരം റോളുകൾ നല്ല സന്തോഷത്തോടെ സ്വീകരിച്ചു. സിലമ്പരസൻ ചെയ്ത തൊട്ടി ജയ എന്ന പടം കണ്ടപ്പോൾ എനിക്ക് എന്നാണ് അതുപോലൊരു റോൾ ചെയ്യാൻ കഴിയുന്നതെന്ന് ആലോചിച്ചു. ആ കഥാപാത്രത്തെപ്പോലെ നല്ല കട്ടത്താടിയൊക്കെ വരുമ്പോൾ കുറച്ച് റഫ് ആയിട്ടുള്ള ക്യാരക്ടർ ചെയ്യാനാകുമെന്ന് കരുതി സമാധാനത്തോടെ ഇരുന്നു.

പക്ഷേ, 20 വർഷത്തിന് ശേഷവും താടി വരാതെയിരിക്കുകയാണ് ഞാൻ. തൊട്ടി ജയ പോലെ ഒന്ന് എനിക്ക് കിട്ടില്ലെന്ന് മനസിലായി. അതുകൊണ്ട് ഏത് ടൈപ്പ് കഥാപാത്രമാണോ വരുന്നത് അത് കൃത്യമായി ചെയ്യാനാണ് പ്ലാൻ,’ സിദ്ധാർത്ഥ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍