നടന്‍ ഷെയ്‌ന്‍ നിഗത്തെ താരസംഘടനയായ ‘അമ്മ’യും കൈവിടുന്നതായി സൂചന. തിരുവനന്തപുരത്ത് ഷെയ്‌ന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശനങ്ങള്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത പോലും നഷ്‌ടപ്പെടുത്തുന്നതാണെന്നാണ് ‘അമ്മ’യുടെയും ഫെഫ്‌കയുടെയും നേതാക്കള്‍ വിലയിരുത്തുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയുമായി മറ്റ് സംഘടനകള്‍ ഇനി ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനമായതായും അറിയുന്നു.
ഷെയ്‌ന്‍ നിഗത്തെ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’യും ഫെഫ്‌കയും ചര്‍ച്ച നടത്താനിരുന്നതാണ്. പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പോസിറ്റീവായ ഒരു പരിഹാരമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ' നിര്‍മ്മാതാക്കള്‍ക്ക് ഈ വിഷയത്തില്‍ മനോവിഷമമല്ല, മനോരോഗമാണ് ’ എന്ന ഷെയ്‌നിന്‍റെ പ്രതികരണമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്.
ഷെയ്‌നിനുവേണ്ടി വാദിച്ചിരുന്നവര്‍ പോലും പിന്‍മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷെയ്‌നിന് കാര്യങ്ങള്‍ സ്വയം പരിഹരിക്കാനുള്ള കഴിവുണ്ടെങ്കില്‍ സംഘടനകള്‍ ഇടപെടേണ്ട കാര്യമില്ലല്ലോയെന്നാണ് ഉയരുന്ന ചോദ്യം. ഇനി ഷെയ്‌നിന്‍റെ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ചില മുതിര്‍ന്ന താരങ്ങളും സംവിധായകരും നിലപാട് വ്യക്തമാക്കിയതായാണ് അറിയുന്നത്.