2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ചിലർക്കൊക്കെ സർപ്രൈസ് ആയിരുന്നു. മികച്ച നടനായി തിരഞ്ഞെടുത്തത് ഷാരൂഖ് ഖാനെ ആയിരുന്നു. കരിയറിൽ ആദ്യമായി മികച്ച നടനുളള അവാർഡ് നേടിയിരിക്കുകയാണ് അദ്ദേഹം. അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ സിനിമയിലെ പ്രകടനത്തിനാണ് കിങ് ഖാന് പുരസ്കാരം ലഭിച്ചത്. ദേശീയ അവാർഡിന് പിന്നാലെ സൂപ്പർതാരത്തിന് നിരവധി ആളുകൾ അഭിനന്ദനങ്ങൾ നേർന്നു.
ഷാരൂഖ് ഖാനൊപ്പം വിക്രാന്ത് മാസിയും ഇത്തവണ മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 12ത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിക്ക് അവാർഡ് ലഭിച്ചത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം ഷാരൂഖ് ഖാൻ കൃത്യമായി മറുപടി നൽകുന്നുമുണ്ട്. ഇതിൽ നടൻ മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. കൂടാതെ കേരളത്തിലെ പ്രതിഭകളായ ഉളെളാഴുക്ക്, പൂക്കാലം എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു', എന്നായിരുന്നു മോഹൻലാൽ എക്സിൽ കുറിച്ചത്.
ഇതിന് മറുപടിയായി “നന്ദി മോഹൻലാൽ സാർ, നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം, ബിഗ് ഹഗ്സ്” എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്. ഇത് രണ്ട് സൂപ്പർതാരങ്ങളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.