വിശ്വരൂപത്തിലും കമല്‍ ഹാസന്‍ ഇത് തന്നെ ചെയ്തു. അമരന്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി എസ് ഡി പി ഐ, കമല്‍ഹാസന്റെ കോലം കത്തിച്ചു

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (12:28 IST)
ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ അമരന്‍ സിനിമ വമ്പന്‍ വിജയം നേടി തിയേറ്ററുകളില്‍ കുതിക്കുന്നതിനിടെ സിനിമയില്‍ മുസ്ലീങ്ങളെ മോശമായി കാണിച്ചെന്ന് ആരോപിച്ച് പ്രതിഷേധവുമായി എസ് ഡി പി ഐ. ശിവകാര്‍ത്തികേയന്‍ നായകനായ സിനിമ നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ്. ഈ സാഹചര്യത്തില്‍ കമല്‍ ഹാസന്റെ കോലവും എസ് ഡി പി ഐക്കാര്‍ കത്തിച്ചു.
 
 150 ഓളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമയി എത്തിയത്. കമല്‍ ഹാസന്റെ ജന്മദിനത്തിലായിരുന്നു പ്രതിഷേധം. തമിഴ്നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടനെ തന്നെ സിനിമ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. അമരന്‍ സിനിമ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിരുദ്ധ വികാരങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും നേരത്തെ വിശ്വരൂപം സിനിമ എടുത്ത കമല്‍ ഹാസന് മുസ്ലീങ്ങളോട് വിദ്വേഷമുണ്ടെന്ന് തെളിഞ്ഞതാണെന്നും എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി എസ് എ കരീം പറഞ്ഞു.
 
 അതേസമയം ആഗോളതലത്തില്‍ അമരന്‍ ഇതിനകം തന്നെ 250 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ സിനിമയുടെ കളക്ഷന്‍ 200 കോടിയ്ക്ക് അടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് സിനിമയില്‍ ശിവകാര്‍ത്തികേയന്‍ വേഷമിട്ടിരിക്കുന്നത്. സായ് പല്ലവിയാണ് സിനിമയില്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി അഭിനയിച്ചിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article