സച്ചിന്റെയും ധോണിയുടെയും ബയോപിക്കുകളിൽ അവരുടെ പ്രയത്നത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥയായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ നിങ്ങൾ ഗാംഗുലിയുടെ ബയോപിക്ക് എടുത്തുനോക്കു. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഉയർത്തെഴുന്നേൽപ്പ് നിങ്ങൾക്കവിടെ കാണാനാവും. സൗരവ് ഗാംഗുലിയുടെ ബയോപിക്ക് പുറത്തുവരുന്നതിനോടുള്ള സെവാഗിന്റെ വർഷങ്ങൾക്ക് മുൻപുള്ള പ്രവചനമായിരുന്നു ഇത്.
കോഴക്കേസിൽ കുടുങ്ങി ഗ്രൗണ്ടിൽ 11 പേരായിരുന്ന ഇന്ത്യൻ ടീമിനെ ഒരു സംഹമാക്കി മാറ്റി വിജയിക്കാൻ ശീലിപ്പിച്ച 2011ലെ ലോകകപ്പ് വിജയത്തിൽ ടീമിന്റെ പ്രധാന താരങ്ങളായ യുവ്‌രാജ്,സെവാഗ്,ഹർഭജൻ,സഹീർ ഖാൻ,ഗൗത,ഗംഭീർ എന്നിവരെ വളർത്തിയെടുത്ത ഗാംഗുലിയുടെ ബയോപിക് വരുമ്പോൾ ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമി അക്ഷമനായെങ്കിൽ കുറ്റം പറയാനാവില്ല. ദാദ എന്ന വിളിപ്പേരുള്ള സൗരവ് ഗാംഗുലി എന്ന നായകൻ ഇന്ത്യൻ ക്രിക്കറ്റിൽ നിറച്ച ആവേശം അത്രയും അധികമാണ്.
ഇപ്പോഴിതാ തന്റെ ബയോപിക്ക് ഒരുക്കാൻ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും പുറത്ത് വരുന്നത്.ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തിൽ ഗാംഗുലി തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. സംവിധായകൻ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല.
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺബീർ കപൂർ സൗരവ് ഗാംഗുലി ആയേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്ത് സഞ്ജു എന്ന ചിത്രത്തിൽ സഞ്ജയ് ദത്തിനെ രൺബീർ പകർന്നാടിയിരുന്നു.യുവ ക്രിക്കറ്ററായി കരിയര്‍ തുടങ്ങിയതു മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സിനിമയിലുണ്ടാകും. നേരത്തെയും ഗാംഗുലിയുടെ ജീവചരിത്രം സിനിമയാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതെല്ലാം ഗാംഗുലി തള്ളികളഞ്ഞിരുന്നു.
ഇത്തവണ സൗരവ് തന്നെ വാർത്ത സ്ഥിരീകരിച്ചതോടെ വലിയ ആവേശത്തിലാണ് സിനിമാലോകവും ക്രിക്കറ്റ് ആരാധകരും.