തനിക്ക് ദൈവം തന്ന സമ്മാനമാണ് കെനീഷയെന്ന് രവി മോഹൻ; കണ്ണ് നിറഞ്ഞ് കെനീഷ

നിഹാരിക കെ.എസ്

ബുധന്‍, 27 ഓഗസ്റ്റ് 2025 (10:16 IST)
പുതിയ നിർമാണ കമ്പനി തുടങ്ങിയിരിക്കുകയാണ് നടൻ രവി മോഹൻ. ചെന്നൈയിൽ വച്ച് നടന്ന തന്റെ പ്രൊഡക്ഷൻ ഹൗസ് ഉദ്ഘാടനത്തിൽ ജെനീലിയ, ശിവകാർത്തികേയൻ അടക്കമുള്ള നിരവധി പേർ പങ്കെടുത്തിരുന്നു. വേദിയിൽ വെച്ച് സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസിനേ കുറിച്ച് രവി മോഹൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 
 
'ഏതൊരു മനുഷ്യനും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കാൻ ഒരാളുണ്ടാകും. നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു സമയം വരും, അപ്പോൾ ശരിക്കും അങ്ങനെ ഒരാൾ ഉണ്ടോ എന്നൊക്കെ നമുക്ക് മനസിലാകും. അങ്ങനെയൊരു കാലം ആർക്കും വരരുതെന്നാണ് ഞാൻ എപ്പോഴും പ്രാർഥിക്കാറ്.
 
പക്ഷേ അത് വരുമ്പോൾ, നിങ്ങൾ എത്രത്തോളം അനു​ഗ്രഹിക്കപ്പെട്ടയാളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇന്ന് എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഇന്ന് ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും നന്ദി അല്ലാതെ എനിക്ക് പറയാൻ മറ്റൊന്നുമില്ല. കെനീഷ ഇല്ലാതെ ഈ പരിപാടി സാധ്യമാകില്ലായിരുന്നു. എനിക്ക് വേണ്ടി മാത്രമാണ് അവൾ മുഴുവൻ പരിപാടിയും ഒരുക്കിയത്.
 
ഇത്രയധികം ആളുകൾ എനിക്ക് വേണ്ടിയുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മൾ ജീവിതത്തിൽ നിശ്ചലമായി പോകുമ്പോൾ ദൈവം മറ്റൊരു രൂപത്തിൽ അതിനൊരു പരിഹാരം കാണിച്ചു തരും. എനിക്ക് ആ സമ്മാനം കെനീഷയാണ്, എന്നെത്തന്നെ മനസ്സിലാക്കാൻ എന്നെ സഹായിച്ചവളാണ്. എല്ലാവരുടെയും ജീവിതത്തിൽ അവളെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു".- രവി മോഹൻ പറഞ്ഞു.
 
രവി മോഹന്റെ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞിരിക്കുന്ന കെനീഷയെയും വിഡിയോയിൽ കാണാം. ആർതി രവിയുമായുള്ള രവി മോഹന്റെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെയാണ് ​ഗായിക കെനീഷ ഫ്രാൻസിസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ ആകുന്നത്. രവിയും കെനീഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍