Pooja Hegde: 'സൗബിനെപ്പോലെ ഡാൻസ് ചെയ്യാൻ മറ്റാർക്കുമാകില്ല'; പൂജ ഹെ​ഗ്ഡെ

നിഹാരിക കെ.എസ്

വെള്ളി, 18 ജൂലൈ 2025 (09:37 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' റിലീസിന് കാത്തിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ലഭിക്കുന്ന സ്വീകാര്യതയും അത്രയേറെയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ മോണിക്ക എന്ന ​ഗാനവും വൈറലായി മാറിയിരുന്നു. പൂജ ഹെ​ഗ്ഡെയേക്കാൾ ഡാൻസ് രം​ഗത്തിൽ സ്കോർ ചെയ്തത് നടൻ സൗബിൻ ഷാഹിർ ആണെന്നാണ് ആരാധകരും സോഷ്യൽ മീഡിയയും പറഞ്ഞത്.
 
ഇപ്പോഴിതാ ഈ ​ഗാനരം​ഗത്തിലെ സൗബിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പൂജ ഹെ​ഗ്ഡെ. മോണിക്ക എന്ന ​ഗാനത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പിന്നാലെ ബുധനാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ​ഗാനത്തിന്റെ പിന്നണി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ​ഗാനത്തിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒന്നാണെന്നും മറ്റാർക്കുമില്ലാത്ത ഒരു സ്റ്റൈലാണ് സൗബിന്റേതെന്നും അവർ പറഞ്ഞു. നൃത്തസംവിധായകനായ സാൻഡിയും സൗബിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
 
മോണിക്കയെ സ്നേഹിച്ച എല്ലാവർക്കും നന്ദി. എന്റെ കരിയറിലെ ശാരീരികമായി ഏറ്റവും കഠിനവും അതുപോലെ കഠിനാധ്വാനം നിറഞ്ഞതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക.
 
"കടുത്ത ചൂടത്ത്, സൂര്യാതപമേറ്റതിന്റെ പാടുകളുമൊക്കെ മായിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. ലി​ഗ്മെന്റിനേറ്റ പരിക്ക് ഭേദമായതിന് ശേഷമുള്ള എന്റെ ആദ്യത്തെ ഫാസ്റ്റ് നമ്പർ. എല്ലാത്തിനുമുപരി, അത് ഗ്ലാമറസായി കാണപ്പെടുകയും ആയാസരഹിതമായി കാണപ്പെടുകയും ചെയ്യുക എന്നതായിരുന്നു പ്രധാനം.
 
ഞാൻ എന്റെ പരമാവധി മോണിക്കയ്ക്ക് നൽകി. ഇത് തിയറ്ററുകളിൽ ആവേശം തീർക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു...നൃത്തം ചെയ്യൂ".- പൂജ ഹെ​ഗ്ഡെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അതേസമയം കൂലിയിൽ ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍