മമ്മൂട്ടിയുടെ പേര് മാത്രമല്ല, പത്മാ പുരസ്കാരത്തിന് നൽകിയ ചിത്രയുടെ പേരും കേന്ദ്രം തള്ളി, കേരളം നൽകിയ പത്മശ്രീ ശുപാർശകൾ ഒന്നും തന്നെ പരിഗണിച്ചില്ല!
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മാപുരസ്‌കാരങ്ങളില്‍ കേരളം നിര്‍ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രം പരിഗണിച്ചില്ലെന്നതാണ് ശുപാര്‍ശ പട്ടിക തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് പത്മഭൂഷണും മാത്രമാണ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 20 അംഗ പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഹൃദയശസ്ത്ര ക്രിയ വിദഗ്ധനായ ഡോ ജോസ് ചാക്കോ പെരിയപ്പുരത്തിനും സിനിമാ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ ലഭിച്ചു. മലയാളി ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു. കേരളം നല്‍കിയ പട്ടികയില്‍ കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിക്ക് പത്മഭൂഷണും എഴുത്തുക്കാരന്‍ ടി പത്മനാഭന് പത്മഭൂഷണും നല്‍കണമെന്ന് ശൂപാര്‍ശയുണ്ടായിരുന്നു.
പ്രഫ എം കെ സാനു, സൂര്യ കൃഷ്ണമൂര്‍ത്തി, വൈക്കം വിജയലക്ഷി, പുനലൂര്‍ സോമരാജന്‍, കെ ജയകുമാര്‍ ഐഎഎസ്, പത്മിനി തോമസ്, വ്യവസായി ടി എസ് കല്യാണരാമന്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കണമെന്നും കേരളത്തിന്റെ ശുപാര്‍ശയിലുണ്ടായിരുന്നു. കേരളം നല്‍കിയ പട്ടികയില്‍ ഒരാളെ പോലും പത്മശ്രീയ്ക്കായി പരിഗണിച്ചില്ല.