'എനിക്കൊരു ദിവസം വരും, അന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ വന്ന് കുറച്ച് കാര്യങ്ങൾ പറയും': ദിലീപ്

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (09:15 IST)
2017ലെ നടി ആക്രമിക്കപ്പെട്ട കേസിൽ 8ാം പ്രതിയായി പ്രതിചേർക്കപ്പെട്ടതിന് ശേഷം നടൻ ദിലീപിന്റെ സിനിമാ ജീവിതം അത്ര സുഖകരമായല്ല മുന്നോട്ടുപോകുന്നത്. ഇറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ തിരിച്ചടികളാണ് നേരിടുന്നത്. താരസംഘടനയായ അമ്മ അടക്കം പ്രധാന സംഘടനകളിൽ നിന്നെല്ലാം ദിലീപിന് പുറത്ത് പോകേണ്ടതായി വന്നു. രാമലീല ഒഴികെ പുറത്ത് വന്ന ചിത്രങ്ങളെല്ലാം വലിയ പരാജയം നേരിട്ടു.
 
ഇപ്പോഴിതാ, കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ഒന്നും സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും അങ്ങനെ ഒരു ദിവസം വരുമെന്നും പറയുകയാണ് ദിലീപ്. പുതിയ സിനിമയായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിലീപ്. താൻ ഇത്രയും കാലം, കഴിഞ്ഞ 8 വർഷമായിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടില്ല. സിനിമയെ കുറിച്ച് അല്ലാത്ത ഒരു വിഷയവും സംസാരിച്ചിട്ടില്ല. കാരണം തനിക്ക് അതിനുളള സ്വാതന്ത്ര്യം ഇല്ല. തനിക്ക് ഇന്ന കാര്യം സംസാരിക്കാൻ പാടില്ല, ഇന്നത് സംസാരിക്കാം എന്നുണ്ട്. പക്ഷേ ദൈവം തനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം എന്നാണ് ദിലീപ് പറയുന്നത്. 
 
സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ ദിലീപിനെ പിന്തുണയ്‌ക്കുന്നുണ്ട്‌. 'വിധി വന്ന ശേഷം അയാള് മാധ്യമങ്ങള്ക്ക് മുന്നിൽ വരും എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതാണ് ആൺകുട്ടി. ഫുൾ കൺഫിഡൻസിൽ തന്നെ. വിധി എത്രയും വേഗം വരട്ടെ. 2017ലെ ഇൻ്റർവ്യൂ ആണ് മലയാളത്തിലെ ഏറ്റവും വ്യൂ ഉള്ള ഇൻ്റർവ്യൂ. അതുപോലെ ഒരു ദിവസം ജനങ്ങളോട് തുറന്നു സംസാരിക്കാൻ നിങ്ങൾക്ക് കഴിയും', എന്നാണ് നടനെ പിന്തുണച്ചുളള ഒരു പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍