' ഒരിക്കലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടില്ല. എന്റെ കഥാപാത്രം എന്ത് പറയുന്നോ അതാണ് നിങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. കഥാപാത്രമാണ് സംസാരിച്ചിട്ടുള്ളത്. അല്ലാതെ മനപ്പൂര്‍വ്വം, അതിനു എന്റെ ഈ എഴുത്തുകാരും സമ്മതിക്കില്ല. 'എന്നാ ഇതും കൂടി കയറ്റിക്കോ' എന്നു പറയുന്ന സാധനങ്ങള്‍ മുഴച്ചുനില്‍ക്കും. അതില്‍ ഫീലുണ്ടാകില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ മാധ്യമങ്ങളുടെ മുന്നില്‍ സംസാരിച്ചിട്ടില്ല, സിനിമയെ കുറിച്ചല്ലാത്ത ഒരു വിഷയവും. കാരണം എനിക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. പക്ഷേ ദൈവം എനിക്ക് നിങ്ങളോടു സംസാരിക്കാനുള്ള ഒരു ദിവസം തരും. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ എനിക്ക് പറയാനുള്ളത് ഞാന്‍ പറയില്ല,' ദിലീപ് വ്യക്തമാക്കി.
കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയ്ക്കു ജയില്‍വാസം അനുഭവിച്ച ആളാണ് ദിലീപ്. കേസിലെ പ്രതിപ്പട്ടികയില്‍ ദിലീപ് ഇപ്പോഴും ഉണ്ട്. 'പ്രിന്‍സ് ആന്റ് ഫാമിലി'യില്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള പരോക്ഷ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിമര്‍ശനം. പ്രിന്‍സ് ആന്റ് ഫാമിലിയിലെ ചില ഡയലോഗുകള്‍ ദിലീപിനെ വെളുപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചേര്‍ത്തതാണെന്ന് സിനിമ കണ്ട പല പ്രേക്ഷകരും ചൂണ്ടിക്കാട്ടി. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോണി ആന്റണിയാണ്. ജോണി ആന്റണിയുടെ കഥാപാത്രത്തെ കൊണ്ട് ദിലീപിനെ വെള്ള പൂശുന്ന ചില ഡയലോഗുകള്‍ ഉണ്ടെന്നാണ് ആക്ഷേപം.