ഒരു സമയത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു നിവിൻ പോളി. എന്നാൽ, സിനിമാ തെരഞ്ഞെടുപ്പുകളും അവയിൽ ചിലതിന്റെയൊക്കെ പരാജയവും നിവിന് തിരിച്ചടിയായി. തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾ നടനെ പിന്നോട്ടടിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട് റിലീസുകളുമായി ഈ വർഷാവസാനം കംബാക്കിനൊരുങ്ങുകയാണ് താരം.
ബേബി ഗേൾ, സർവ്വം മായ എന്നീ രണ്ട് സിനിമകളാണ് നിവിന്റേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. 'ബേബി ഗേൾ' സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.