വീണ്ടും രാജാവിന്റെ മകന്‍ ചെയ്യാനുള്ള പ്ലാനിലായിരുന്നു ഞങ്ങള്‍; ഡെന്നീസിന്റെ വേര്‍പാടില്‍ മോഹന്‍ലാല്‍

Webdunia
ചൊവ്വ, 11 മെയ് 2021 (09:47 IST)
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ വേദനയോടെ മോഹന്‍ലാല്‍. രാജാവിന്റെ മകന്‍ പുതിയ കാലത്ത് പുതിയ ശൈലിയില്‍ എടുക്കാനുള്ള പ്ലാനിലായിരുന്നു താനും ഡെന്നീസ് ജോസഫുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇനി അത് നടക്കുകയില്ല. വിദൂരത്തില്‍ നിന്നു ഡെന്നീസ് ജോസഫിന് വിട ചൊല്ലുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. 

മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കുന്നതും താരസിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കുന്നതും 34 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയാണ്. രാജാവിന്റെ മകന്‍ 35-ാം വര്‍ഷത്തിലേക്ക് എത്താന്‍ രണ്ട് മാസം കൂടി ശേഷിക്കെയാണ് സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിടവാങ്ങിയിരിക്കുന്നത്. 
 
വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം ജനങ്ങള്‍ ഏറ്റെടുത്തു. മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചു. ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആയിരുന്നു സുരേഷ് ഗോപിയും ഈ സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന് ബ്രേക്ക് നല്‍കിയതും ഈ ചിത്രമാണ്. അംബികയുടെ ആന്‍സി എന്ന നായികാ കഥാപാത്രവും നടന്‍ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസ് എന്ന മന്ത്രിയും ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. 
 
മൂന്ന് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും വിടവാങ്ങിയിരിക്കുന്നു. മമ്മൂട്ടിക്കായാണ് ഈ കഥാപാത്രം എഴുതിയതെന്ന് ഡെന്നീസ് ജോസഫ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡെന്നീസ് ജോസഫ് അന്തരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏറ്റവും മികച്ച വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച താരം കൂടിയാണ് ഡെന്നീസ് ജോസഫ്. 

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫാണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article