ഞാൻ ഇന്ന് വരെ കണ്ട കൊറിയൻ പടങ്ങളിൽ എല്ലാം കൂടി ഇത്ര വയലൻസ് ഇല്ലല്ലോ, മാർക്കോ കണ്ട് ഞെട്ടിയെന്ന് എഡിറ്റർ ഷമീർ മുഹമ്മദ്

അഭിറാം മനോഹർ

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (18:53 IST)
Marco Movie
മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ. മിഖായേല്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായിരുന്ന മാര്‍ക്കോയുടെ സ്പിന്‍ ഓഫ് സിനിമയായാണ് മാര്‍ക്കോ ഒരുങ്ങുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടതില്‍ ഏറ്റവും വയലന്‍സുള്ള സിനിമയാകും മാര്‍ക്കോ എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നത്. അടുത്തിടെ സിനിമയുടെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
 
അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു സിനിമയുടെ പുറത്തുവന്ന ടീസര്‍. ഇതോടെ സിനിമയുടെ മുകളിലുള്ള പ്രതീക്ഷകളും ഇരട്ടിയായിരിക്കുകയാണ്.ഒരു വില്ലന്റെ ഹീറോയിസമാകും സിനിമയിലെന്ന് ഉണ്ണി മുകുന്ദന്‍ പറയുമ്പോള്‍ താന്‍ ഇന്ന് വരെ ചെയ്തതില്‍ ഏറ്റവും ക്രൂരനായ കഥാപാത്രമാണ് മാര്‍ക്കോയിലേത് എന്നാണ് നടന്‍ ജഗദീഷ് പറയുന്നത്. ഇതിനെല്ലാം അടിവരയിടുന്ന ഒന്നാണ് ഇപ്പോള്‍ സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പറയുന്നത്.
 
 അജഗജാന്തരം,അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ഷമീര്‍ മുഹമ്മദ്. മാര്‍ക്കോ ഫുള്‍ ആക്ഷന്‍ സിനിമയാണെന്ന് ഷമീര്‍ പറയുന്നു. സിനിമയുടെ ഫൂട്ടേജുകള്‍ കണ്ടതിന് ശേഷം താന്‍ കണ്ട കൊറിയന്‍ പടങ്ങള്‍ മൊത്തത്തില്‍ എടുത്താല്‍ അതിത്ര ഇല്ലല്ലോ എന്നാണ് താന്‍ സംവിധായകനായ ഹനീഫ് അദേനിയോട് പറഞ്ഞതെന്ന് ഷമീര്‍ പറയുന്നു. ഷമീറിന്റെ ഈ വീഡിയോ കൂടി വൈറലായതോടെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും ഇരട്ടിയായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍