'കട്ടയ്ക്ക് ഒപ്പമുണ്ട്'; ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും മമ്മൂട്ടിയുടെ പിന്തുണ

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (12:00 IST)
നിര്‍മാതാക്കളുടെ സംഘടനയെ തള്ളി മമ്മൂട്ടിയും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മാതാവുമായ ജി.സുരേഷ് കുമാറിനെതിരെ മലയാളത്തിലെ താരങ്ങളെല്ലാം ഒറ്റക്കെട്ടായി രംഗത്തുവരികയാണ്. നിര്‍മാതാക്കളുടെ സംഘടനയെ പരസ്യമായി തള്ളിയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്. 
 
നിലവിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ 'അമ്മ' കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവന്‍, ബാബുരാജ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മാതാക്കളുടെ സംഘടനയ്ക്കു താരങ്ങള്‍ വഴങ്ങി കൊടുക്കേണ്ട ആവശ്യമില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഏകകണ്‌ഠേന തീരുമാനിച്ചു. തനിക്കും ഇതേ നിലപാട് തന്നെയാണെന്ന് മമ്മൂട്ടി നേരത്തെ മോഹന്‍ലാല്‍ അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെ സംഘടന ആന്റണിയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍ അതിനെ പ്രതിരോധിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. 
 
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭീഷണിയെ കാര്യമായി കാണേണ്ട എന്നാണ് താരങ്ങളുടെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന സിനിമാ സമരം അനാവശ്യമാണെന്നാണ് മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിപ്രായം. സിനിമാ സമരം ചിലരുടെ പിടിവാശിയും നിക്ഷിപ്ത താല്‍പര്യവുമാണെന്ന് താരങ്ങള്‍ വിമര്‍ശിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍