പുഷ്പ കാരണം എന്റെ സ്‌കൂളിലെ പകുതി കുട്ടികളുടെ സ്വഭാവം മോശമായി, വൈറലായി സ്‌കൂള്‍ ടീച്ചറുടെ പ്രസംഗം

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (18:50 IST)
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ഇന്ത്യയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമയാണ്. ആദ്യഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷമിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ പുഷ്പ സിനിമക്കെതിരെ ഹൈദരാബാദിലെ യൂസുഫ്ഗുഡയില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
 
 പുഷ്പ പോലുള്ള സിനിമകള്‍ മോശം സ്വാധീനമാണ് കുട്ടികളില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് വിദ്യഭ്യാസ കമ്മീഷന് മുന്നില്‍ സംസാരിക്കവെയാണ് ടീച്ചര്‍ വ്യക്തമാക്കിയത്. സ്‌കൂളിലെ ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം കാണുമ്പോള്‍ ഒരു ടീച്ചറെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി തോന്നുന്നുവെന്ന് ടീച്ചര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ അസഹനീയമായ ഹെയര്‍ സ്‌റ്റൈലാണ് വരുത്തുന്നത്. അസഭ്യമായി സംസാരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല സ്വകാര്യ സ്‌കൂളുകളിലും ഇതാണ് സ്ഥിതി. കുട്ടികളുടെ ഈ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമയുമാണെന്നും ടീച്ചര്‍ കുറ്റപ്പെടുത്തുന്നു.
 
 ഞങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാതാപിതാക്കളെ വിളിക്കുമ്പോഴും അവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് കുട്ടികളെ ശിക്ഷിക്കാന്‍ പോലും കഴിയില്ല. അത് അവരെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ഇതിനെല്ലാം മാധ്യമങ്ങളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്. എന്റെ സ്‌കൂളിലെ പകുതി വിദ്യാര്‍ഥികളും പുഷ്പ കാരണം മോശമായി. വിദ്യാര്‍ഥികളെ ബാധിക്കും എന്ന ചിന്തയില്ലാതെയാണ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വി 6 ന്യൂസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ അധ്യാപിക പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍