കോടികള്‍ നഷ്ടം വരുത്തി ദില്‍ രാജു ചരിത്രം സൃഷ്ടിച്ചു, രാം ചരണ്‍- ശങ്കര്‍ ചിത്രത്തെ ട്രോളി അല്ലു അര്‍ജുന്റെ പിതാവ്, ടോളിവുഡിലെ ശീതയുദ്ധം തുടരുന്നോ?
ദില്‍ രാജു അടുത്തിടെ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഒരു സിനിമ ഇപ്രകാരമായിരുന്നു (താഴേക്ക് ആംഗ്യം കാണിച്ചുകൊണ്ട്) മറ്റൊരു സിനിമ (മുകളിലേക്ക് എന്ന ആംഗ്യം, സംക്രാന്തി വാസ്തുനത്തെ സൂചിപ്പിച്ച്) ആദായ നികുതി വകുപ്പ് അദ്ദേഹത്തെ റെയ്ഡ് ചെയ്തു. ഒരാഴ്ചക്കുള്ളില്‍ പലതും സംഭവിച്ചു. അല്ലു അരവിന്ദ് പറഞ്ഞു.
പറഞ്ഞത് ദില്‍ രാജുവിനെയാണെങ്കിലും രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്ന സിനിമയെയാണ് ശരിക്കും അല്ലു അരവിന്ദ് ട്രോളിയതെന്നാണ് തെലുങ്ക് സിനിമാലോകത്തിലെ അടക്കം പറച്ചില്‍. അടുത്തിടെ അല്ലു അര്‍ജുന്‍ കുടുംബവും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബവും തമ്മില്‍ അത്ര രസത്തിലല്ലെന്നതാണ് തെലുങ്ക് സിനിമയിലെ സംസാരം. പവന്‍ കല്യാണിന്റെ എതിര്‍ പാര്‍ട്ടിയിലെ നേതാവിന്റെ ചടങ്ങില്‍ അല്ലു അര്‍ജുന്‍ പങ്കെടുത്തതും പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയാകുന്ന ചടങ്ങില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കാതിരുന്നതെല്ലാം തെലുങ്ക് സംസ്ഥാനങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
അടുത്തിടെ പുഷ്പ 2വിന്റെ പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ പവന്‍ കല്യാണ്‍ അല്ലു അര്‍ജുനെ സഹായിക്കാനായി രംഗത്ത് വന്നിരുന്നില്ല. പുഷ്പ 2 വിന്റെ വലിയ വിജയത്തില്‍ മെഗാ കുടുംബത്തില്‍ നിന്നാരും പ്രതികരിക്കുകയും ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാം ചരണ്‍ ചിത്രത്തിന്റെ പരാജയത്തെ ട്രോളികൊണ്ട് അല്ലു അരവിന്ദിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.