മമ്മൂട്ടിയുടെ പുട്ടുറുമീസിന് ശബ്ദം കൊടുത്തത് ഷമ്മി തിലകന്‍ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

Webdunia
വെള്ളി, 2 ജൂലൈ 2021 (19:55 IST)
മികച്ച അഭിനേതാവ് എന്നതിനൊപ്പം നല്ലൊരു ശബ്ദ കലാകാരന്‍ കൂടിയാണ് ഷമ്മി തിലകന്‍. മലയാളത്തില്‍ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള മുന്‍നിര താരങ്ങള്‍ക്കെല്ലാം ഷമ്മി തിലകന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനിടയില്‍ വളരെ രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അധികം ആര്‍ക്കും അറിയാത്ത ഒരു കഥ. മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനുവേണ്ടി ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. കഥാപാത്രത്തിനു മുഴുവനായല്ല ഷമ്മി ശബ്ദം നല്‍കിയത്. 
 
മമ്മൂട്ടി വ്യത്യസ്ത വേഷത്തിലെത്തിയ സൂര്യമാനസം എന്ന സിനിമയിലാണ് ഷമ്മി തിലകന്‍ മെഗാസ്റ്റാറിനായി ഡബ്ബ് ചെയ്തത്. സൂര്യമാനസത്തില്‍ പുട്ടുറുമീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി തിരക്ക് മൂലം ഡബ്ബിങ്ങിന് എത്താതെ വന്നപ്പോള്‍ ചില രംഗങ്ങളില്‍ ഷമ്മി തിലകന്‍ ശബ്ദം നല്‍കേണ്ടിവന്നു. മനോരമയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 
 
സൂര്യമാനസത്തില്‍ രഘുവരനാണ് വില്ലന്‍ വേഷത്തിലെത്തിയത്. രഘുവരന് ശബ്ദം നല്‍കാനാണ് ഷമ്മി തിലകനെ തീരുമാനിച്ചത്. രഘുവരന് ശബ്ദം നല്‍കാന്‍ ഷമ്മി സ്റ്റുഡിയോയില്‍ എത്തി. അങ്ങനെ രഘുവരന് ശബ്ദം നല്‍കുന്നതിനിടെ തമാശയ്ക്ക് മൈക്കിലൂടെ മമ്മൂട്ടിയുടെ ശബ്ദം ഉണ്ടാക്കി. 
 
മമ്മൂട്ടി നേരത്തെ ഡബ്ബ് ചെയ്ത സീനിലെ ഡയലോഗാണ് മൈക്കിലൂടെ ഷമ്മി പറഞ്ഞുനോക്കിയത്. ഇതുകേട്ടതും സംവിധായകന്‍ വിജി തമ്പി അവിടെ മമ്മൂട്ടി എത്തിയോ എന്ന് മൈക്കിലൂടെ വിളിച്ചു ചോദിച്ചു. മമ്മൂട്ടി എത്തിയിട്ടില്ലെന്ന് ഷമ്മി മറുപടി നല്‍കി. അപ്പോള്‍ മമ്മൂട്ടിയുടെ ശബ്ദം കേട്ടല്ലോ എന്നായി വിജി. തമാശയ്ക്ക് മമ്മൂട്ടിയുടെ ശബ്ദം മൈക്കിലൂടെ താന്‍ തന്നെയാണ് പറഞ്ഞതെന്ന് ഷമ്മി വിജി തമ്പിയോട് പറഞ്ഞു. വിജി ഒന്നും തിരിച്ചുപറഞ്ഞില്ല. 
 
രഘുവരന്റെ കഥാപാത്രത്തിനുവേണ്ടി ഡബ്ബിങ് പൂര്‍ത്തിയായപ്പോള്‍ ഷമ്മി വീട്ടിലേക്ക് തിരിച്ചെത്തി. രണ്ട് ദിവസം കഴിഞ്ഞ് ഷമ്മിയെ വിജി തമ്പി വിളിച്ചു. ഡബ്ബിങ് കുറച്ചുഭാഗം കൂടി തീര്‍ക്കാനുണ്ടല്ലോ എന്ന് വിജി പറഞ്ഞപ്പോള്‍ ഷമ്മി ഞെട്ടി. തന്റെ ഭാഗമെല്ലാം പൂര്‍ത്തിയായല്ലോ എന്ന് ഷമ്മി വിജി തമ്പിയോട് പറഞ്ഞു. രഘുവരന്റെ ഡയലോഗ് അല്ല, മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിക്കുന്നതെന്ന് വിജി തമ്പി ഷമ്മിയോട് പറഞ്ഞു. ഇതുകേട്ട് ഷമ്മി ഞെട്ടി. മമ്മൂട്ടിയുടെ ഒന്ന് രണ്ട് സീനുകള്‍ ഡബ്ബ് ചെയ്യാനുണ്ടെന്നും അത് ചെയ്യാനാണ് വരേണ്ടതെന്നും വിജി ആവശ്യപ്പെട്ടു. മറ്റൊരു ഷൂട്ടിങ്ങിന് അത്യാവശ്യമായി പോകേണ്ടതിനാല്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയില്ലെന്ന കാര്യം വിജി തമ്പി ഷമ്മിയെ അറിയിച്ചു. എന്നാല്‍, മമ്മൂട്ടി പറയാതെ ചെയ്യില്ല എന്നായി ഷമ്മി. ഉടനെ തന്നെ വിജി തന്റെ അടുത്തിരിക്കുന്ന മമ്മൂട്ടിക്ക് ഫോണ്‍ കൊടുത്തു. ' ആ ഞാനാ, അതങ്ങ് ചെയ്‌തേര്,' ഷമ്മിക്ക് മമ്മൂട്ടി അനുവാദം നല്‍കി. അതിനുശേഷമാണ് പുട്ടുറുമീസിനായി ചില സീനുകള്‍ ഷമ്മി ഡബ്ബ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article