മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞ പേര് മോഹന്‍ലാലിന് കൊടുത്തു; അങ്ങനെ സേതുരാമയ്യര്‍ പിറന്നു!

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (15:50 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് സേതുരാമയ്യര്‍ സി ബി ഐ അടക്കമുള്ള കുറ്റാന്വേഷണ കഥകള്‍. സി ബി ഐ എന്നു പറയുമ്പോള്‍ തന്നെ ഒര്‍മ വരിക മമ്മൂട്ടിയെയും സേതുരാമയ്യരേയുമാണ്. നെറ്റിയില്‍ കുറി തൊട്ട് പുറകില്‍ കൈകള്‍ കെട്ടി നടന്നു വരുന്ന സേതുരാമയ്യര്‍. എന്നാല്‍, മമ്മൂട്ടിയുടെ നിര്‍ബന്ധം മൂലമാണ് സേതുരാമയ്യര്‍ പിറന്നതത്രെ. അലി ഇമ്രാന്‍ എന്നായിരുന്നു എഴുത്തുകാരന്‍ എസ് എന്‍ സ്വാമി തീരുമാനിച്ചിരുന്ന പേര്. അതും ഒരു ഇടിവെട്ട് പൊലീസ് കഥ.
 
എന്നാല്‍, ഐവി ശശി- ടി ദാമോദരന്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആവനാഴി എന്ന ചിത്രത്തിന്റെ ആരവങ്ങള്‍ ഒഴിയുന്നതിന് മുമ്പേ മറ്റൊരു പൊലീസ് കഥയോട് മമ്മൂട്ടിയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പൊലീസിനു പകരം സി ബി ഐ ആയാലോന്നു മമ്മൂട്ടി ചോദിച്ചു. അങ്ങനെ സി ബി ഐ പിറന്നു. പക്ഷേ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. പേരിനോട് താല്‍പ്പര്യമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഒടുവില്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്തില്‍ വഴങ്ങി സേതുരാമയ്യര്‍ എന്നാക്കുകയായിരുന്നുവത്രെ.
 
എന്നാല്‍, അലി ഇമ്രാന്‍ എന്ന പേര് ഒഴുവാക്കാന്‍ സ്വാമിയ്ക്ക് കഴിയുമായിരുന്നില്ല. അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അടുത്ത ചിത്രത്തില്‍ നായകന് അലി ഇമ്രാന്‍ എന്ന് പേരിട്ടു. മോഹന്‍ലാല്‍ അലി ഇമ്രാന്‍ ആയി തിളങ്ങിയ ചിത്രമായിരുന്നു മൂന്നാം മുറ.
 
Next Article