കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആളുകള്‍ കൂടിയാലോ എന്ന് പേടിച്ചാണ് മമ്മൂട്ടി തന്റെ ജന്മദിനാഘോഷം മൂന്നാറിലെ ബംഗ്ലാവിലേക്ക് മാറ്റിയതെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കൊച്ചിയിലെ വീട്ടില്‍ ആകുമ്പോള്‍ നാനാതുറയില്‍ നിന്നുള്ള ആളുകള്‍ തന്നെ കാണാന്‍ എത്തിയേക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് അഭിലഷണീയമല്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നതായി പിഷാരടി വെളിപ്പെടുത്തി. എല്ലാ ജന്മദിനങ്ങള്‍ക്കും നൂറുകണക്കിനു ആരാധകര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്താറുണ്ട്. കൊച്ചിയില്‍ തുടര്‍ന്നാല്‍ ആരാധകരുടെ തിരക്ക് ഉണ്ടായേക്കാമെന്നും അതിനാലാണ് അടിമാലിയിലെ എസ്റ്റേറ്റിലേക്ക് കുടുംബസമേതം ജന്മദിനാഘോഷത്തിനായി മമ്മൂട്ടി പോയതെന്നും പിഷാരടി പറഞ്ഞു.
തിങ്കളാഴ്ച രാത്രി തന്നെ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകള്‍ സുറുമി, കൊച്ചുമകള്‍ മറിയം എന്നിവര്‍ക്കൊപ്പം മമ്മൂട്ടി ഏലത്തോട്ടത്തിലുള്ള ഈ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഇന്നലെ കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങള്‍ക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മമ്മൂട്ടിയുടെ മിനിയേച്ചര്‍ രൂപമുള്ള കേക്കിന്റെ ചിത്രങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
മമ്മൂട്ടി എത്തിയ വിവരം അറിഞ്ഞ് മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും നിരവധി പേര്‍ ബംഗ്ലാവിന് സമീപം എത്തി. എന്നാല്‍, പൂര്‍ണ സമയം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ച താരം ബംഗ്ലാവില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇതിനിടയിലാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളും പകര്‍ത്തിയത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടും അടുത്തകാലത്ത് നിര്‍മിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്. ജന്മദിനമായ ഇന്നലെ ബംഗ്ലാവിലും തോട്ടത്തിലുമായി മാത്രമാണ് താരം സമയം ചെലവഴിച്ചത്. ഏകദേശം 60 ഏക്കറാണ് തോട്ടവും ബംഗ്ലാവും അടങ്ങുന്ന സ്ഥലം.