മമ്മൂട്ടി കേരളത്തിന്‍റെയും ആന്ധ്രയുടെയും മുഖ്യമന്ത്രി!

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (16:13 IST)
മമ്മൂട്ടി ഇന്ത്യയുടെ മഹാനടനാണ്. ഭാഷ ഏതായാലും തന്‍റെ അഭിനയമികവിനാല്‍ ഏവരെയും വിസ്മയിപ്പിക്കുന്ന പ്രതിഭ. ഇന്ത്യയിലെ എല്ലാ ഭാഷയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെ.
 
മമ്മൂട്ടി ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്നതിന്‍റെ തിരക്കിലാണ്. രണ്ട് ഭാഷകളില്‍ രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. ഒന്ന് മലയാളത്തിലും ഒന്ന് തെലുങ്കിലും.
 
മലയാളത്തില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത്. സഞ്ജയ് ബോബി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി ഏതെങ്കിലും പാര്‍ട്ടിയുടെ പ്രതിനിധിയല്ല. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്നതാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
 
തെലുങ്കില്‍ കുറേക്കൂടി വലിയ ഒരു സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്നത്. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപിക് ഒരുങ്ങുമ്പോള്‍ മമ്മൂട്ടിയാണ് വൈ എസ് ആര്‍ ആകുന്നത്. ചിത്രീകരണം ജൂണില്‍ ആരംഭിക്കുന്ന ചിത്രത്തിന് 50 കോടിയിലേറെയാണ് ബജറ്റെന്നാണ് സൂചന.
 
മഹി രാഘവ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ‘യാത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. 
 
യാത്ര എന്ന് ഈ പ്രൊജക്ടിന് പേരിടാന്‍ ഒരു കാരണമുണ്ട്. 2003ല്‍ വൈ എസ് ആര്‍ മൂന്ന് മാസത്തോളം നീണ്ട പദയാത്ര നടത്തിയിരുന്നു. ആ യാത്ര നടക്കുന്ന സമയത്തുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ‘യാത്ര’ എന്ന പേരില്‍ മമ്മൂട്ടി മലയാളത്തില്‍ മുമ്പൊരു സിനിമ ചെയ്തിട്ടുണ്ട്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ആ സിനിമ മലയാളത്തിന്‍റെ ക്ലാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്. 
 
മലയാളത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രവും വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രി വേഷത്തിലേക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തിലെ വൈകാരികവും സംഘര്‍ഷഭരിതവുമായ ജീവിതമാണ് ആ സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article