Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു
എയര്‍ ഇന്ത്യ 171 ലെ '11 എ' നമ്പര്‍ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ്. അത്ര ഗുരുതരമല്ലാത്ത പരുക്കളോടെ രമേശ് രക്ഷപ്പെട്ടു. അപകടം ഉണ്ടായ ഉടനെ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വഴി രമേശ് പുറത്തേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ' ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്റ് കഴിഞ്ഞപ്പോള്‍ വലിയൊരു ശബ്ദം കേട്ടു,' അപകട നിമിഷത്തെ കുറിച്ച് രമേശ് പറഞ്ഞു.
' എനിക്ക് ചുറ്റിലും മൃതദേഹങ്ങള്‍ ആയിരുന്നു. ഞാന്‍ ഭയന്നുപോയി. അവിടെ നിന്ന് എഴുന്നേറ്റ് ഞാന്‍ ഓടി. വിമാനത്തിന്റെ ഭാഗങ്ങള്‍ പലയിടത്തും ചിതറി കിടക്കുന്നുണ്ടായിരുന്നു,' പ്രാദേശിക മാധ്യമങ്ങളോടു രമേശ് പ്രതികരിച്ചു.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു 1.38 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഹമ്മദബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ അപകടമുണ്ടായി. നിയന്ത്രണം വിട്ട വിമാനം താഴ്ന്നുപറന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ചു. ഇതിനിടെ വലിയ തീപിടിത്തമുണ്ടായി. വിമാനത്തിനു പൂര്‍ണമായി തീപിടിച്ചെന്നാണ് വിവരം. സമീപപ്രദേശത്തേക്ക് അടുക്കാന്‍ സാധിക്കാത്ത വിധം പുകമയമായിരുന്നു.