Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; മരണസംഖ്യ 133

രേണുക വേണു

വ്യാഴം, 12 ജൂണ്‍ 2025 (15:22 IST)
Air India Plane Crash - Ahamedabad

Ahmedabad Air India Plane Crash: അഹമ്മദബാദ് വിമാന അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബി 787 ഡ്രീംലൈനര്‍ (B 787 Dreamliner) എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. 
 
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു 1.38 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഹമ്മദബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ അപകടമുണ്ടായി. നിയന്ത്രണം വിട്ട വിമാനം താഴ്ന്നുപറന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ചു. ഇതിനിടെ വലിയ തീപിടിത്തമുണ്ടായി. വിമാനത്തിനു പൂര്‍ണമായി തീപിടിച്ചെന്നാണ് വിവരം. സമീപപ്രദേശത്തേക്ക് അടുക്കാന്‍ സാധിക്കാത്ത വിധം പുകമയമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഹമ്മദബാദിലെ മേഘാനി നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം പതിച്ചത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ഇതുവരെ 133 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.


പൈലറ്റ് ഇന്‍ കമാന്‍ഡ് സുമിത് സഭര്‍വാള്‍, കോ-പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവര്‍ അടക്കം പത്ത് ക്രൂ മെമ്പേഴ്‌സാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ അടക്കം 232 യാത്രക്കാരും ഉണ്ടായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട കാര്യം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചു. എമര്‍ജന്‍സി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുരന്തത്തില്‍ ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ് ആദ്യത്തെ കടമയെന്നും അദ്ദേഹം പ്രതികരിച്ചു. 

യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാര്‍. പോര്‍ച്ചുഗലില്‍ നിന്നുള്ള ഏഴ് പേരും ഒരു കനേഡിയന്‍ വംശജനും വിമാനത്തില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 
 
പാസഞ്ചര്‍ ഹോട്ട് ലൈന്‍ നമ്പര്‍: 1800 5691 444
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍