കോടികൾ നേടിയെന്ന് പറയുന്ന പല പടങ്ങളും പരാജയങ്ങൾ, കേക്ക് മുറിച്ചുള്ള ആഘോഷം മാത്രമാണ് നടക്കുന്നത് : എം രഞ്ജിത്

ബുധന്‍, 26 ഏപ്രില്‍ 2023 (13:51 IST)
കോടി ക്ലബിൽ ഇടം പിടിച്ചുവെന്ന് പോസ്റ്റർ ഇറക്കി പരാജയപ്പെട്ട സിനിമകൾ വരെ വിജയിച്ചുവെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റുമായ എം രഞ്ജിത്. താരങ്ങളുടെ പ്രതിഫലത്തിലേക്ക് വരുമ്പോൾ നിർമാതാക്കൾ പോലും ഈ ഇല്ലാത്ത വിജയങ്ങളിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും രഞ്ജിത് പറയുന്നു.
 
10 ലക്ഷം രൂപ പോലും തികച്ച് കളക്ട് ചെയ്യാത്ത സിനിമകളിൽ അഭിനയിക്കുന്ന ആളുകൾ വരെ ഒരു കോടി രൂപയെല്ലാമാണ് ചോദിക്കുന്നത്. പല സിനിമകളും വിജയിച്ചെന്ന് മാർക്കർ ചെയ്താണ് ഇതെല്ലാം ചെയ്യുന്നത്. സത്യം പറയുകയാണെങ്കിൽ എല്ലാ തിയേറ്ററിനരികിലും ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്. പരാജയപ്പെട്ട സിനിമകൾക്ക് പോലും കേക്ക് മുറിക്കുന്ന കാലമാണ്.
 
നിർമാതാക്കളും വിതരണക്കാരും ജിഎസ്ടി വന്ന ശേഷം കളക്ഷൻ്റെ ഇൻവോയ്സാണ് കൊടുക്കുന്നത്. എല്ലാ നിർമാതാക്കളും വിതരണക്കാരും ആ ഇൻവോയ്സ് നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. 3 മാസം കൂടുമ്പോൾ സിനിമയുടെ യഥാർഥ കളക്ഷൻ സംബന്ധിച്ച് ധവളപത്രം ഇറക്കും. കൊട്ടിഘോഷിക്കുന്ന പല സിനിമകളുടെയും കളക്ഷൻ 30 ലക്ഷമോ 10 ലക്ഷമോ ആണെന്ന് ആളുകൾ അറിയട്ടെ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍