'ഞാനാണ് മമ്മൂട്ടി, താനെവിടെയാണ്?'; ലോഹിതദാസിനെ തേടി ആ ഫോണ്‍ കോള്‍ എത്തി, ശകാരിക്കുമെന്ന് പേടിച്ച് ചാരുകസേരയില്‍ ചാഞ്ഞുകിടക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക്
മലയാളികളുടെ മനസ് അറിഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. മലയാളിയുടെ മണമുള്ള കഥാപരിസരങ്ങളും കഥാപാത്രങ്ങളുമാണ് ലോഹിതദാസ് സംഭാവന ചെയ്തിട്ടുള്ളത്. സിനിമകളിലൂടെ ലോഹി എന്നും അനശ്വരനായി നിലനില്‍ക്കും. അതുകൊണ്ട് തന്നെ ലോഹിതദാസ് വിടപറഞ്ഞിട്ട് 12 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല.
നിരവധി കയറ്റങ്ങളും ഇറക്കങ്ങളും കണ്ട പച്ചയായ മനുഷ്യനാണ് ലോഹിതദാസ്. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സമയത്ത് നടന്‍ മമ്മൂട്ടി തന്നോട് കാണിച്ച വാല്‍സല്യത്തിന്റെ കരുതലിന്റെയും 'കഥ' ലോഹിതദാസ് വിവരിച്ചിട്ടുണ്ട്.
കസ്തൂരിമാന്‍ സിനിമ തമിഴിലേക്ക് മാറ്റിയ സമയം. തമിഴ്‌നാട്ടില്‍ വലിയ വെള്ളപ്പൊക്കമായിരുന്നു. അതുകൊണ്ട് സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. വലിയ സാമ്പത്തിക ബാദ്ധ്യത നേരിട്ടു. ഈ സമയത്ത് ലോഹിയെ തേടി ഒരു അപ്രതീക്ഷിത ഫോണ്‍കോള്‍.
"ഞാനാ മമ്മൂട്ടി, താനെവിടെയാണ്?"
"ഞാന്‍ ചെന്നൈയിലാണ് മമ്മൂക്ക"
"അവിടെ ഭയങ്കര മഴയല്ലേ. പിന്നെ താനെന്തിനാ അവിടെ നില്‍ക്കുന്നത്. വേഗം രക്ഷപ്പെട്ട് പോര്..ഞാനുണ്ട് ഇവിടെ"
തമ്മില്‍ കണ്ടപ്പോള്‍ ശകാരിക്കുമെന്ന് വിചാരിച്ചു. പക്ഷേ, അതുണ്ടായില്ല. ഒരു കാരണവരെ പോലെ ചാരുകസേരയില്‍ ചാഞ്ഞുകിടന്നുകൊണ്ട് സ്‌നേഹാര്‍ദ്രമായ ശബ്ദത്തില്‍ കുറേ സംസാരിച്ചു. അതെന്റെ മനസ്സിന്റെ തീയാറ്റി. പിന്നെ അലക്ഷ്യഭാവത്തോടെ പറഞ്ഞു.
"താന്‍ വെഷമിക്കണ്ട. പോയതു പോയി. തന്റെ ഈ ഉള്‍വലിയുന്ന സ്വഭാവം മാറ്റണം. എന്നില്‍നിന്നൊക്കെ താന്‍ വിട്ടുപോവുകയാണ് ചെയ്തത്. താനെന്നെ വിട്ടാലും ഞാന്‍ തന്നെ വിടില്ല. തന്നോടുള്ള സ്‌നേഹംകൊണ്ടു മാത്രമല്ല, തന്റെ കൈയില്‍ കോപ്പൊള്ളതുകൊണ്ടാ,"
ലോഹിതദാസ് തന്റെ ആത്മകഥാംശമുള്ള കാഴ്ചവട്ടം എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.